കേന്ദ്ര വിജ്ഞാപനത്തിനെതിരായ പ്രമേയം ഡല്‍ഹി നിയമസഭയില്‍ പാസായി
കേന്ദ്ര വിജ്ഞാപനത്തിനെതിരായ പ്രമേയം ഡല്‍ഹി നിയമസഭയില്‍ പാസായി
Thursday, May 28, 2015 12:16 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പരമാധികാരം ലഫ്. ഗവര്‍ണര്‍ക്കു കല്‍പിച്ചു കൊടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരായ പ്രമേയം ഡല്‍ഹി നിയമസഭ പാസാക്കി. പാര്‍ട്ടി എംഎല്‍യും മുന്‍ നിയമ മന്ത്രിയുമായ സോംനാഥ് ഭാരതി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം നാലു ഭേദഗതികളോടെ ശബ്ദ വോട്ടിലാണു സഭയില്‍ പാസായത്. അതിനിടെ, ആം ആംദ്മി പാര്‍ട്ടി എംഎല്‍എ മഹീന്ദര്‍ ഗോയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം നിയമ സഭയില്‍ കീറി എറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു ബിജെപിയുടെ മൂന്ന് എംഎല്‍എമാരും സഭ വിട്ടിറിങ്ങിപ്പോയി.

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കൈയാടക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുമെന്ന് കേജരിവാള്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും അധികാരം കൈയാളാനുള്ള ശ്രമങ്ങളുടെ ഭാഗമാണു കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പരീക്ഷണങ്ങളെന്നും കേജരിവാള്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ തങ്ങളോടു പകവീട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ലഫ്. ഗവര്‍ണര്‍ കൂട്ടു നില്‍ക്കുകയാണെന്നും കേജരിവാള്‍ നിയമസഭയില്‍ ആരോപിച്ചു. എല്ലാ എംപിമാരും പ്രമേയം വായിച്ചു നോക്കണമെന്നും കേന്ദ്രത്തില്‍ ഇതിനെതിരായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിയമസഭയില്‍ ആഹ്വാനം ചെയ്തു.


എല്ലാ തിങ്കളാഴ്ചയും താന്‍ വെള്ള ഷര്‍ട്ട് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യാനൊക്കുമെന്നായിരുന്നു വിജ്ഞാപനത്തെ ചോദ്യം ചെയ്തു കൊണ്ടു കേജരിവാള്‍ ചോദിച്ചത്. ഇത്തരം വിജ്ഞാപനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനവിധിയെ അപമാനിക്കുകയാണ്. പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരെ മാറ്റിയെങ്കിലും ഡ ല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറെ നീക്കം ചെയ്യാത്തത് കാര്യങ്ങളെ രാഷ്ട്രീയമായി കാണുന്നതു കൊണ്ടാണ്. തങ്ങളുടെ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ലഫ്. ഗവര്‍ണര്‍ ഒരു സ്കൂള്‍ ഹെഡ്മാസ്ററെ പോ ലെ നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുകയാണ്. താന്‍ ഒരു മാനഭംഗക്കേസില്‍ ഉത്തരവിട്ടാല്‍ ലഫ. ഗവര്‍ണര്‍ അതു റദ്ദാക്കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.