സോണിയയ്ക്കും രാഹുലിനും എതിരേ നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം
സോണിയയ്ക്കും രാഹുലിനും എതിരേ നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം
Thursday, May 28, 2015 12:15 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ പുറത്തുള്ള അധികാര കേന്ദ്രമായിരുന്നു സോണിയയെന്നും ഇപ്പോള്‍ ഭരണഘടനയ്ക്കു അനുസൃതമായാണു ഭരണം നടക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഎയ്ക്കു നല്കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ധിക്കാരപരമായ ദുര്‍വാശിയാണു കാണിക്കുന്നതെന്നും ഒരു വ്യക്തിയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നുമുള്ള സോണിയ ഗാന്ധിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ മോദി, യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചാണു അവര്‍ പറയുന്നതെന്നും പറഞ്ഞു.

ഭരണഘടന അനുസരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണം നടക്കുന്നത്. അതിനു പുറത്തുള്ള അധികാരകേന്ദ്രങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ ആരായുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അധികാരങ്ങള്‍ കേന്ദ്രീകരിച്ചു. അതിനു മുകളില്‍ ഇപ്പോഴൊന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഒരു വര്‍ഷമായിട്ടും മറക്കാന്‍ കഴിയാത്തതിനാലാണു സ്യൂട്ട്-ബൂട്ട് സര്‍ക്കാര്‍ പ്രയോഗം രാഹുലും കോണ്‍ഗ്രസും നടത്തുന്നതെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്രീകരിച്ചതോടെ പെട്ടെന്നു തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും കഴിയും. മന്ത്രാലയങ്ങള്‍ക്കു സാമ്പത്തിക സഹായം മൂന്നിരിട്ടിയായി, ഇതു സംസ്ഥാനങ്ങള്‍ക്കു കൈമാറുന്നുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ വ്യവസായ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റകള്‍ക്ക് അനുകൂലമായി ഭൂമിയേറ്റെടുക്കല്‍ ബില്‍ മാറ്റിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, രാഷ്ട്രീയ ചെളിവാരിയെറിയലിന് ഇതിനെ ഉപയോഗിക്കാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 120 വര്‍ഷം മുമ്പുള്ള ഭൂമിയേറ്റെടുക്കല്‍ നിയമം വെറും 120 മിനിറ്റ് ചര്‍ച്ചയ്ക്കുശേഷം മുന്‍ സര്‍ക്കാരാണു ഭേദഗതി ചെയ്തത്. കര്‍ഷകര്‍ക്ക് അനുകൂല ബില്ലാണെന്നു കരുതി ബിജെപി അതിനെ അനുകൂലിച്ചു. പിന്നീട്, പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതു പരിഹരിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലും ചരക്ക്-സേവന നികുതിയും രാജ്യത്തിന്റെ പുരോഗതിക്കു ആവശ്യമാണ്.

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്െടന്നും നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികളെ ശിക്ഷിക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍, അയല്‍ രാജ്യമായ നേപ്പാള്‍ 17 വര്‍ഷമായി ഒരു പ്രധാനമന്ത്രി സന്ദര്‍ശിക്കാതിരുന്നത് മോശമണെന്നു മോദി പറഞ്ഞു. അന്താരാഷ്ട്ര ഉച്ചകോടികളിലും ഡബ്ള്യുടിഒയിലും മറ്റുമാണു സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. ഇവയില്‍ ഇന്ത്യയുടെ പ്രാധിനിത്യം വേണ്െടന്നു പറയുന്നതു ശരിയാണോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

സ്വച്ഛ് ഭാരത്, വിദ്യാലങ്ങളിലെ ശൌചാലയം, ജന്‍ ധന്‍ യോജന, സാമൂഹ്യക്ഷേമ-പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയിലാണ് ആദ്യവര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ രണ്ടാംവര്‍ഷം വനിത, കര്‍ഷകര്‍, നഗരങ്ങളിലെ ദരിദ്രര്‍, തൊഴില്‍ എന്നീ മേഖലകള്‍ക്കു കൂടുതല്‍ പ്രധാന്യം കൊടുക്കുമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.