മോദിക്കെതിരേ മന്‍മോഹന്‍
മോദിക്കെതിരേ മന്‍മോഹന്‍
Thursday, May 28, 2015 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ജനാധിപത്യത്തിനു ഭീഷണിയായെന്നും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് തനിക്കും യുപിഎ സര്‍ക്കാരിനുമെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത്. യുപിഎ സര്‍ക്കാര്‍ ഒരിക്കലും അഴിമതി നടത്താന്‍ അനുവദിച്ചിട്ടില്ല. പ്രധാനമന്ത്രിപദമോ ഔദ്യോഗിക പദവിയോ തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ കുടുംബ കാര്യത്തിനോ വേണ്ടി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിനും മുന്‍ പ്രധാനമന്ത്രിക്കുമെതിരേ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതു തുടരുന്നതിനിടെയാണ് തിരിച്ചാക്രമണവുമായി മന്‍മോഹന്‍ സിംഗ് തന്നെ രംഗത്തെത്തിയത്. നാഷണല്‍ സ്റുഡന്‍സ് യൂണിയന്‍ (എന്‍എസ്യു) സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ ഈ സര്‍ക്കാര്‍ തുടരുന്നതില്‍ അഭിമാനമുണ്ട്.

മോദി കൊണ്ടുവന്ന മേയ്ക്ക് ഇന്‍ ഇന്ത്യ യുപിഎ സര്‍ക്കാരിന്റെ പദ്ധതികളുടെ കാര്‍ബണ്‍ കോപ്പിയാണ്. യുപിഎ ഭരണമൊഴിയുമ്പോള്‍ ഇന്ത്യ വികസ്വര രാജ്യങ്ങള്‍ക്കിടയിലെ അതിവേഗം വളരുന്ന രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമായിരുന്നു.

മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ നേട്ടമുണ്ടാക്കിയെന്നത് പൊള്ളത്തരമാണ്. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായില്ല. നിക്ഷേപം വര്‍ധിച്ചില്ല. കയറ്റുമതിയില്‍ ഇടിവുണ്ടായി. കാര്‍ഷിക രംഗം പാടേ തകര്‍ന്നു. ഗ്രാമീണ മേഖലയിലെ ജനജീവിതവും ദുഃസഹമായിരിക്കുകയാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ അവര്‍ എതിര്‍ത്ത കാര്യങ്ങളാണ് അവര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം സാമ്പത്തിക രംഗത്ത് കുഴപ്പമൊന്നുമില്ലെന്നു വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി ചില കണക്കുകള്‍ കൃത്രിമമായി നിര്‍മ്മിക്കുകയും തിരുത്തുകയുമൊക്കെ ചെയ്യുകയാണ് സര്‍ക്കാര്‍. അതിവേഗ സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ സാമൂഹികക്ഷേമ പദ്ധതികളെല്ലാം തച്ചുടയ്ക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ സാമൂഹിക ക്ഷേമപദ്ധതികളും വളര്‍ച്ചയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഭൂതകാലം വളച്ചൊടിക്കാനും വര്‍ഗീയ വീക്ഷണത്തോ ടെ തിരുത്തിയെഴുതാനും ശ്രമമുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് ശ്രമം.


യുപിഎ സര്‍ക്കാരിനു നയപര മായ തളര്‍വാതം ബാധിച്ചിരുന്നുവെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണിത്. യുപിഎയുടെ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ സാമ്പത്തിക രംഗത്തെ ശരാശരി വളര്‍ച്ച 8.5 ശതമാനമായിരുന്നു. ഇത് സര്‍വകാല റിക്കാര്‍ഡാണ്.

എന്നാല്‍, ഇപ്പോള്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും, റിസര്‍വ് ബാങ്ക് ഗവര്‍ണറുമൊക്കെ ബിജെപി ഭരണത്തിനു കീഴില്‍ സാമ്പത്തിക രംഗത്ത് എല്ലാം ശുഭമല്ല എന്നാണ് അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്യു ദേശീയ അധ്യക്ഷന്‍ റോജി എം. ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തില്‍നിന്നു ദേശീയ സെക്രട്ടറി എസ്. ശരത്, ദേശീയ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഗീതാ കൃഷ്ണന്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹു ല്‍ ഗാന്ധി പങ്കെടുക്കും

മന്‍മോഹന്‍ സിംഗ് മോദിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. രാവിലെ മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു മാധ്യമങ്ങളോടു സംസാരിച്ചശേഷമായിരുന്നു ഈ കൂടിക്കാഴ്ച. മന്‍മോഹന്‍ സിംഗ്ജിയെ കണ്ടതില്‍ വലിയ സന്തോഷം; 7 റേസ് കോഴ്സ് റോഡിലേ ക്കു തിരിച്ചുവന്നതിനു സ്വാഗതം; ഞങ്ങള്‍ ഒരു നല്ല സായാഹ്നം ചെലവഴിച്ചു എന്നാണു മോദി ട്വിറ്ററില്‍ എഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.