ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വൃക്കകള്‍ കാണാനില്ല
Wednesday, May 27, 2015 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കു വിധേയയായ ആറ് വയസുകാരിയുടെ രണ്ടു വൃക്കകളും കാണാനില്ലെന്നു പരാതി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് (എയിംസ്) സംഭവം. ശസ്ത്രക്രിയ നടത്തിയ എയിംസിലെ ഡോക്ടര്‍ക്കെതിരേ പെണ്‍കുട്ടിയുടെ പിതാവ് ഉത്തര്‍പ്രദേശ് ബറേലി സ്വദേശി പവന്‍ കുമാര്‍ ഹൌസ്ഖാസ് പോലീസ് സ്റേഷനില്‍ പരാതി നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയിംസ് ഉന്നതാധികാര സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഇടതു വൃക്കയ്ക്ക് തകരാര്‍ കണ്െടത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ചികിത്സ തുടങ്ങിയ പെണ്‍കുട്ടിയെ മാര്‍ച്ച് 14നാണ് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. ഇടതു വൃക്ക മാത്രമാണു നീക്കം ചെയ്തതെന്നും വലതു വൃക്കയ്ക്കു കുഴപ്പങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍, കുറച്ചു ദിവസത്തിനുശേഷം മകള്‍ക്ക് വീണ്ടും ശക്തമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് സിടി സ്കാന്‍ പരിശോധന നടത്തിയപ്പോള്‍ മകളുടെ ഇരു വൃക്കകളും നീക്കം ചെയ്തതായി കണ്െടത്തിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


മാര്‍ച്ച് 14 മുതല്‍ കുട്ടി ഡയാലിസിസിനു വിധേയയാവുകയാണ്. ഇക്കാര്യം ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കു മുമ്പാകെ ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറായില്ലെന്നും പരാതിയിലുണ്ട്.

എയിംസ് അധികൃതരുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനു അനുമതി ലഭിച്ചതുമില്ല. അതിനാലാണു പോലീസിനെ സമീപിച്ചതെന്നും പവന്‍ കുമാര്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സീനിയര്‍ പ്രഫസര്‍മാരുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിക്ക് എയിംസ് രൂപം നല്‍കി. മേയ് 20ന് സമിതി യോഗം ചേര്‍ന്നതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന ഒരു ഡോക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.