ആന്റണിയുടെ വെളിപ്പെടുത്തല്‍ മോദി സര്‍ക്കാരിനു തിരിച്ചടിയായി
ആന്റണിയുടെ വെളിപ്പെടുത്തല്‍ മോദി സര്‍ക്കാരിനു തിരിച്ചടിയായി
Monday, May 25, 2015 12:18 AM IST
ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ, ചട്ടം മറികടന്നാണു ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫാല്‍ യുദ്ധവിമാന ഇടപാടു നടത്തിയതെന്ന മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റിയുടെ വെളിപ്പെടുത്തല്‍ പ്രതിരോധ രംഗത്തു തങ്ങള്‍ മുന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന മോദി സര്‍ക്കാരിന്റ അവകാശവാദങ്ങള്‍ക്കു തിരിച്ചടിയായി. റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദിസര്‍ക്കാര്‍ പല ക്രമക്കേടുകളും നടത്തിയതായും ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ആന്റണി ആരോപിച്ചു.

രാജ്യം പിന്തുടര്‍ന്നുവരുന്ന പ്രതിരോധ സംഭരണ നയം അനുസരിച്ചല്ല മോദി സര്‍ക്കാരിന്റെ നടപടിയെന്നും റാഫാല്‍ ഇടപാടിന്റെ ഫയലില്‍ താന്‍ എഴുതിയ നിര്‍ദേശം പുതിയ സര്‍ക്കാര്‍ അവഗണിച്ചതായും ആന്റണി പറഞ്ഞു.

തന്റെ കാലത്തു റാഫാല്‍ ഇടപാട് വൈകിപ്പിച്ചതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. അവ നിലനില്‍ക്കുമ്പോള്‍തന്നെയാണു പ്രതിരോധ, ധന മന്ത്രാലയങ്ങളെ അവഗണിച്ചു വിമാനം വാങ്ങാന്‍ പ്രധാനമന്ത്രി മോദി നടപടിയെടുത്തത്.

ഇപ്പോഴത്തെ ധാരണ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ്. പതിനെട്ടു വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് ഇന്ത്യക്കു കൈമാറാനും 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സില്‍ നിര്‍മിക്കാനുമുള്ള പദ്ധതിയാണു യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ സാങ്കേതികവിദ്യ കൈമാറുന്നതില്‍ റാഫാല്‍ കമ്പനി എതിരായിരുന്നു.


രാജ്യത്തെ പൊതുമേഖലാ സ്ഥാപനത്തില്‍ റാഫാല്‍ വിമാനം നിര്‍മിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതെന്നും കോര്‍പറേറ്റുകള്‍ക്കു ലാഭം കൊയ്യാനുള്ള അവസര മാണു മോദി സര്‍ക്കാര്‍ ഇതിലൂടെ ഒരുക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി. ദേശീയ സുരക്ഷ അപകടപ്പെടുത്തുന്ന പല തീരുമാനങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതായി മുന്‍ പ്രതിരോധമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി മുന്‍നിര്‍ത്തി യുപിഎ സര്‍ക്കാര്‍ രൂപവത്കരിച്ച മൌണ്ടന്‍ സ്ട്രൈക്ക് കോറിന്റെ ശേഷി ബിജെപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കുകയും അനുവദിച്ച പണം ചെലവാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.


മൌണ്ടന്‍ സ്ട്രൈക്ക് കോറിന്റെ ആസാമിലും നാഗാലാന്‍ഡിലുമായി തുടങ്ങിയ രണ്ടു ഡിവിഷനുകളിലേക്ക് 7000 സൈനികരെ നിയോഗിച്ചിരുന്നു. ഇത് 3500 ആയി കുറച്ചിരിക്കുകയാണ്. ചൈനീസ് ഭീഷണിയെ നേരിടാന്‍ രൂപവത്കരിച്ച മൌണ്ടന്‍ സ്ട്രൈക്ക് കോറിന്‍െ ശേഷി ദുര്‍ബലപ്പെടുത്തുന്നതു ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.