മോദിയുടെ ഒന്നാം വാര്‍ഷികത്തിന്റെ നിറം കെടുത്താന്‍ 100-ാം ദിനവുമായി കേജരിവാള്‍
മോദിയുടെ ഒന്നാം വാര്‍ഷികത്തിന്റെ നിറം കെടുത്താന്‍ 100-ാം ദിനവുമായി കേജരിവാള്‍
Sunday, May 24, 2015 11:38 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനു തൊട്ടുതലേന്നു ഡല്‍ഹി പിടിച്ചടക്കിയതിന്റെ നൂറാം ദിവസം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി ഭരണം നൂറു ദിവസം തികയ്ക്കുന്ന വേളയില്‍ അധികാരം ഉറപ്പിച്ചുകിട്ടാന്‍ കോടതി കയറാനുള്ള ഒരുക്കത്തിലാണെങ്കിലും നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ജനമധ്യത്തില്‍ വേദിയൊരുക്കുകയാണ് അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടിയും.

നാളെ ഡല്‍ഹി കോണാട്ട് പ്ളേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ജനസംവാദത്തിനു വേദിയൊരുക്കിയാണു കേജരിവാള്‍ സര്‍ക്കാര്‍ നൂറു ദിവസം ആഘോഷിക്കുന്നത്. തൊട്ടടുത്ത ദിവസമാണു കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികാഘോഷം. നൂറു ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയാണു ജനസംവാദത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ഫെബ്രുവരി 14നു ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി കേജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഇന്നാണു നൂറു ദിവസം പൂര്‍ത്തിയാക്കുന്നത്. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ 67 എണ്ണവും നേടി ആം ആദ്മി പാര്‍ട്ടി നേടിയ മിന്നുന്ന വിജയത്തിന്റെ പ്രകാശം പരക്കുന്നതിനു മുമ്പേ തന്നെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും സുപ്രധാന സ്ഥാനങ്ങളില്‍നിന്നിറക്കിവിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ഈ കുടുംബ വഴക്കില്‍ കേജരിവാള്‍ എന്ന കാരണവരുടെ അപ്രമാദിത്തം നില നിര്‍ത്തിയത്.

എന്നിട്ടും വിവാദങ്ങള്‍ കേജരിവാളിനെയും സര്‍ക്കാരിനെയും ചുറ്റിപ്പറ്റി വിട്ടൊഴിയാതെനിന്നു. കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കം രാഷ്ട്രപതിയുടെ മുന്നില്‍ വരെയെത്തി. മാധ്യമങ്ങളെ അകറ്റിനിര്‍ത്താനുള്ള തീരുമാനം ഒട്ടേറെ വിമര്‍ശനങ്ങളേറ്റു വാങ്ങി. അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലഫ്. ഗവര്‍ണറെയും കേന്ദ്രസര്‍ക്കാരിനെയും തങ്ങള്‍ക്കെതിരേ യുദ്ധകാഹളം മുഴക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ 150ലധികം ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതിയുടെ പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഡല്‍ഹിയില്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ അധികാരം സ്ഥാപിക്കുക വഴി സ്ഥലംമാറ്റ, നിയമനക്കച്ചവടത്തിലെ കോടികളിലാണ് കേന്ദ്രത്തിന്റെ കണ്ണെന്ന് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ആക്ഷേപിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിക്കോ ലഫ്. ഗവര്‍ണര്‍ക്കോ ഡല്‍ഹിയുടെ പരമാധികാരം എന്ന തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ണറോടൊപ്പം നിന്നതോടെ കേജരിവാള്‍ സര്‍ക്കാര്‍ ഒരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ട അവസ്ഥയിലായി. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സുപ്രധാന ചുമതലകളെല്ലാം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചുമലിലേക്കു മാറ്റി നിര്‍വഹണ മേല്‍നോട്ടമെന്ന ഭാരിച്ച ചുമതല സ്വയം ഏറ്റെടുത്ത കേജരിവാള്‍ നേരിട്ട കനത്ത തിരിച്ചടിയായിരുന്നു ഡല്‍ഹിയുടെ പരമാധികാരം ലഫ. ഗവര്‍ണര്‍ക്കാണെന്ന് ഉറപ്പിച്ചുകൊണ്ടു കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം.


ഈ അധികാരത്തര്‍ക്കങ്ങളില്‍പ്പെട്ടു കുരുങ്ങിക്കിടക്കുന്നത് ആദ്യ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്ത എഴുപതിന അജണ്ടയാണ്. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി അധികാരത്തിലെത്തിയ കേജരിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയിലെ സാധാരണ ജനങ്ങളുടെ അഭിപ്രായം പിടിച്ചുപറ്റിയതു സൌജന്യ കുടിവെള്ള പ്രഖ്യാപനത്തിലൂടെയും വൈദ്യുതിനിരക്കില്‍ ശ്രദ്ധേയമായ ഇളവുകള്‍ വരുത്തിക്കൊണ്ടുമായിരുന്നു. എന്നാല്‍, ഡല്‍ഹിയെ വൈഫൈ നഗരമാക്കുമെന്ന പ്രഖ്യാപനം ഇനിയും പരിധിക്കു പുറത്താണ്.

ഡല്‍ഹിയിലെ ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്.ഗവര്‍ണര്‍ക്കാണ് അധികാരമെന്ന ആഭ്യന്തരമന്ത്രാലയ വിജ്ഞാപനത്തെത്തുടര്‍ന്ന് വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ആംആദ്മി സര്‍ക്കാര്‍. ഭരണഘടനാ വിദഗ്ധരും അഭിഭാഷകരുമായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ചര്‍ച്ച നടത്തുന്നുണ്ട്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ലഫ്.ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്തുന്ന പതിവ് ഇല്ലായിരുന്നുവെന്നാണു ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. തര്‍ക്കം തുടങ്ങിയ ഘട്ടത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജെയ്സിംഗ്, രാജീവ് ധവാന്‍ എന്നിവരുടെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. പിന്നീടു കെ.ടി.എസ്. തുള്‍സി, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരും സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തു.

അധികാരവിഷയത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടാകും. ആപ് സര്‍ക്കാരിന്റെ നൂറാം ദിനം ആഘോഷിക്കുന്ന തിങ്കളാഴ്ച ഇതു സംബന്ധിച്ച പരസ്യ പ്രഖ്യാപനം നടത്തി ജനപിന്തുണ നേടിയെടുക്കാനും അഴിമതിയില്ലാത്ത ഭരണം നടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന് പ്രചാരണം ആരംഭിക്കാനുമാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതിനിടെ വരുന്ന 26, 27 തീയതികളില്‍ കേജരിവാള്‍ ഡല്‍ഹി നിയമസഭയുടെ അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.