ഒരു വര്‍ഷംകൊണ്ട് അഴിമതിരഹിത ഭരണം കൊണ്ടുവരാനായെന്നു ജയ്റ്റ്ലി
ഒരു വര്‍ഷംകൊണ്ട് അഴിമതിരഹിത ഭരണം  കൊണ്ടുവരാനായെന്നു ജയ്റ്റ്ലി
Saturday, May 23, 2015 12:31 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് അഴിമതിരഹിത ഭരണം കൊണ്ടുവരാനായെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാഷ്ട്രീയ അഴിമതിയില്‍നിന്നു രാജ്യത്തെ സാധാരണക്കാരന്‍ വിമുക്തനായിക്കഴിഞ്ഞു. സാമ്പത്തിക പരിഷ്കരണം തുടരുകയാണ്. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

വികസനവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യംവയ്ക്കുന്ന തീരുമാനങ്ങളാണു കഴിഞ്ഞ ഒരു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ധനകമ്മി പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു സാധിച്ചു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന് എളുപ്പമായ അന്തരീക്ഷം സൃഷ്ടിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ചരക്ക് സേവനനികുതി, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ വികസനവിരുദ്ധമാണെന്നു സ്ഥാപിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജയ്റ്റ്ലി ആരോപിച്ചു. ഇന്ധനവില 12 തവണ കുറച്ചപ്പോള്‍ നാലു തവണ മാത്രമാണു കൂട്ടിയത്.


സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയോടുള്ള മതിപ്പു കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയ അഴിമതിയില്‍നിന്ന് സാധാരണ ജനങ്ങളെ സ്വതന്ത്രരാക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു സര്‍ക്കാരിന് അതിനു കഴിഞ്ഞു എന്നതു പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു ശതമാനം സാമ്പത്തികവളര്‍ച്ചയിലേക്ക് രാജ്യം എത്തുകയാണ്. അതു രണ്ടക്കത്തിലെത്തിക്കുകയാണു ലക്ഷ്യം.

അവ്യക്തമായ സാമ്പത്തിക നയങ്ങളാണ് യുപിഎ സര്‍ക്കാരിന്റെ പതനത്തിനു കാരണമായതെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.