സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വി.എസ് വിഷയം ചര്‍ച്ചയാകും
Saturday, May 23, 2015 12:30 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അടുത്ത മാസം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വി.എസ്. അച്യുതാനന്ദനും സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നത ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കും. കേന്ദ്ര നേതൃത്വത്തോടു കൂടിയാലോചിക്കാതെ വി.എസ്. അച്യുതാനന്ദനെതിരേ നടപടിയെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ വി.എസിനെ പൊളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചതിനു പിന്നാലെ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയം പാസാക്കുന്നതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന നിലപാടാണ് യെച്ചൂരിക്കുള്ളത്.

ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ഈ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗമാണു ജൂണില്‍ ചേരുന്നത്. ഈ വര്‍ഷം അവസാനം ചേരാനിരിക്കുന്ന പാര്‍ട്ടി പ്ളീനത്തിന്റെ കാര്യവും കേന്ദ്ര നേതൃത്വത്തിലെ ചുമതലകളുടെ വിഭജനവുമാണ് കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ അജന്‍ഡയെങ്കിലും സംസ്ഥാന വിഷയങ്ങള്‍ മുന്‍നിര ചര്‍ച്ചയില്‍ ഇടംപിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കേരളത്തില്‍ പാര്‍ട്ടിയും വി.എസും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായതോടെ കേന്ദ്ര നേതൃത്വത്തിന് ഒഴിഞ്ഞുനില്‍ക്കാനാവാത്തനിലയായി. വി.എസ് ആകട്ടെ വീണ്ടും തന്റെ നിലപാടു വിശദീകരിച്ചു കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കാനുള്ള ഒരുക്കത്തിലാണ്. ഇതോടെ വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്ന സീതാറാം യെച്ചൂരിയും സംസ്ഥാന നേതൃത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം കേന്ദ്രനേതാക്കളും തമ്മിലുള്ള രൂക്ഷമായ ചേരിതിരിവിനാകും വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം വേദിയാകുക.


എന്നാല്‍, സംസ്ഥാന വിഷയങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കുകയും അതോടൊപ്പം ഇതിലുള്ള തീരുമാനം വൈകിപ്പിച്ചു കഴിയുന്നിടത്തോളം ഇരുപക്ഷത്തെയും ഒരുമിച്ചു നിര്‍ത്താനുള്ള ശ്രമത്തിലേക്കു കേന്ദ്ര കമ്മിറ്റി നീങ്ങുമെന്നാണു സൂചന. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എളമരം കരീമിനെതിരേ അന്വേഷണം വേണമെന്ന വി.എസിന്റെ പ്രസ്താവനയെത്തുടര്‍ന്ന് അണികള്‍ക്കുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണു സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയം പാസാക്കിയതെന്നാണു സംസ്ഥാന ഘടകത്തിന്റെ നിലപാട്.

പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരെ പരസ്യമായി വിമര്‍ശിച്ച വി.എസ്. അച്യുതാനന്ദനെ സീതാറാം യെച്ചൂരിയുടെ അസാന്നിധ്യത്തില്‍ചേര്‍ന്ന അവയ്ലബിള്‍ പോളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ചിരുന്നു. യെച്ചൂരിയുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിനെതിരായ പ്രമേയം പാസാക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തതു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയായിരുന്നില്ല. കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിയുടെ അറിവോടെയല്ലാതെ ഇത്തരത്തില്‍ പ്രമേയം പാസാക്കുന്നതു സംഘടനാ രീതികള്‍ക്കു നിരക്കുന്നതല്ലെന്നാണു യെച്ചൂരിയുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.