ഗുജ്ജാറുകള്‍ പ്രക്ഷോഭം തുടരുന്നു, ചര്‍ച്ചയ്ക്കില്ല
Saturday, May 23, 2015 12:39 AM IST
ഭരത്പൂര്‍(രാജസ്ഥാന്‍): സര്‍ക്കാര്‍ ജോലിക്ക് അഞ്ചുശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മിനിയാന്നു തുടങ്ങിയ പ്രക്ഷോഭം ഗുജ്ജാറുകള്‍ ഇന്നലെ ശക്തമാക്കി. സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകള്‍ റെയില്‍വേ പാളത്തില്‍ കുത്തിയിരുന്നു ഗതാഗതം തടഞ്ഞു.

ഡല്‍ഹി-മുംബൈ റൂട്ടിലുള്ള ട്രെയിനുകള്‍ യാത്ര റദ്ദാക്കി. ചിലവ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. സമരക്കാരുടെ സംഖ്യ അനിയന്ത്രിതമായതിനാല്‍ ഭരത്പൂര്‍-ഹിന്ദോണ്‍ റോഡിലൂടെയുള്ള വാഹനഗതാഗതവും സ്തംഭിച്ചു. ട്രാക്കില്‍ ചിലയിടത്ത് സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഫിഷ്പ്ളേറ്റുകള്‍ ഇളക്കിമാറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരം കഴിഞ്ഞാലും ഇവ സ്ഥാപിക്കാതെ ട്രെയിന്‍ ഓടിക്കാനാവില്ല.

ഇതേസമയം, മുഖ്യമന്ത്രി വസുന്ധര രാജെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതുസാഹചര്യവും നേരിടാന്‍ ജില്ലാ അധികാരികള്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ ഗുജ്ജാര്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഗുജ്ജാര്‍ അര്‍കാഷന്‍ സംഘര്‍ഷ് സമിതി അധ്യക്ഷന്‍ കിരോരി സിംഗ് ബെയ്ന്‍സ്ലയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധി ചര്‍ച്ചയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ ക്ഷണപത്രിക നല്‍കി. എന്നാല്‍ ചര്‍ച്ചയല്ല വേണ്ടത് അനുകൂല തീരുമാനമാണെന്നു സമിതി അധ്യക്ഷന്‍ വ്യക്തമാക്കി. ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തീരുമാനം വൈകുകയാണെങ്കില്‍ തുടര്‍ന്നു നടത്തുന്ന ശക്തമായ സമരപരിപാടികളെക്കുറിച്ച് ഉടന്‍തന്നെ തീരുമാനമെടുക്കുമെന്ന് സമിതി വക്താവ് ഹിമ്മത് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.