നടപടിക്രമങ്ങള്‍ പാലിച്ചാല്‍ ഗീലാനിയുടെ പാസ്പോര്‍ട്ട് പരിഗണിക്കും: രാജ്നാഥ്
Saturday, May 23, 2015 12:38 AM IST
ന്യൂഡല്‍ഹി: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഗീലാനിയുടെ പാസ്പോര്‍ട്ട് അപേക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കിയാല്‍, അപേക്ഷ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ നടപടിക്രമങ്ങള്‍ക്കുശേഷം പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൌദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ സന്ദര്‍ശിക്കാനാണു ഗീലാനി പാസ്പോര്‍ട്ടിന് അപേക്ഷ നല്കിയത്.

ഗീലാനി സമര്‍പ്പിച്ചത് അപൂര്‍ണമായ അപേക്ഷയായതിനാല്‍ പാസ്പോര്‍ട്ട് നല്കാന്‍ സാധിക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. പാസ്പോര്‍ട്ട് ഫീസ്, ബയോമെട്രിക് വിവരങ്ങള്‍, ഫോട്ടോ എന്നിവ അപേക്ഷയ്ക്കൊപ്പം ഇല്ലായിരുന്നു.


പാസ്പോര്‍ട്ട് ഇന്ത്യന്‍ പൌരന്റെ അവകാശമാണെന്നും ആവശ്യമായ നടപടിക്രമങ്ങള്‍ക്കുശേഷം പാസ്പോര്‍ട്ട് അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, പാസ്പോര്‍ട്ട് എല്ലാ ഇന്ത്യന്‍ പൌരന്റെയും മൌലിക അവകാശമാണെങ്കിലും ശരിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് ഇതു നല്കേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് നിരുപം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.