തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളെ ഉപയോഗിക്കണമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍
Saturday, May 23, 2015 12:33 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളെ ഉപയോഗിക്കണമെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മുള്ളിനെ മുള്ളുകൊണ്ടുതന്നെ ഇല്ലാതാക്കണം. മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആക്രമണം തുടങ്ങിയവപോലെ ആക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു മറുപടി പറയവേയാണു കേന്ദ്ര പ്രതിരോധമന്ത്രി ഇങ്ങനെ പറഞ്ഞത്.

ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കേ പരീക്കര്‍ നടത്തിയ ഈ പ്രസ്താവനയ്ക്കെതിരേ സിപിഎമ്മും കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ആഭ്യന്തര തീവ്രവാദം വളര്‍ത്താനാണു മന്ത്രിയുടെ ശ്രമമെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഒരു ചാനലുമായി നടത്തിയ അഭിമുഖത്തിലാണു മനോഹര്‍ പരീക്കര്‍ വിവാദ പ്രസ്താവന നടത്തിയത്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണമെന്ന പഴമൊഴി പരാമര്‍ശിച്ചാണു തീവ്രവാദികളെ നേരിടാന്‍ തീവ്രവാദികളെ തന്നെ ഉപയോഗിക്കണമെന്നു പരീക്കര്‍ പറഞ്ഞത്. ഇന്ത്യക്കുനേരേ ആക്രമണം നടത്തുന്ന തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ സൈനികരെ ഉപയോഗിക്കുന്നത് എന്തിനാണ്? തീവ്രവാദികളെ നേരിടാന്‍ തീവ്രവാദികളെ ത്തന്നെ ഉപയോഗിച്ചൂകൂടെ? മാധ്യമങ്ങളുടെ മുന്നില്‍ ചര്‍ച്ച ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. കൈയില്‍ തോക്കുമായി വരുന്ന ഭീകരനെ മനുഷ്യാവകാശ പാഠങ്ങള്‍ പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇനിയൊരു മുംബൈ ആക്രമണമോ പാര്‍ലമെന്റ് ആക്രമണമോ ഉണ്ടായാല്‍ എങ്ങനെയായിരിക്കും സര്‍ക്കാര്‍ നേരിടുകയെന്ന ചോദ്യത്തിന് ഇനിയൊരു ആക്രമണം ഉണ്ടാകാതാരിക്കാനുള്ള നടപടികളാണു വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.