മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രിയായി ജയലളിത ഇന്നു സത്യപ്രതിജ്ഞ ചെയ്യും
Saturday, May 23, 2015 12:28 AM IST
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടു കര്‍ണാടക ഹൈക്കോടതിയില്‍നിന്നു വിടുതല്‍ നേടിയ അണ്ണാ ഡിഎംകെ അധ്യക്ഷ ജെ. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. 28 മന്ത്രിമാരാണു ജയലളിതയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത്. മദ്രാസ് യൂണിവേഴ്സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇന്നലെ അവ്വൈ ഷണ്‍മുഖം ശാലയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തുചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭാകക്ഷി നേതാവായി ജയലളിതയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു. 144 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചയുടന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ വിവരമറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്കി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരാന്‍ പനീര്‍ശെല്‍വത്തോടു ഗവര്‍ണര്‍ നിര്‍ദേശിച്ചു. എഡിഎംകെ ട്രഷറര്‍കൂടിയാണു പനീര്‍ശെല്‍വം.

ഇതേസമയം, ഇന്നു ജയലളിതയുടെ സത്യപ്രതിജ്ഞാച്ചടങ്ങുനടക്കുമ്പോള്‍ വേദിയില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് റെയില്‍വേ ഫോണ്‍നമ്പരിലേക്ക് വ്യാജസന്ദേശം അയച്ച ശിവകുമാര്‍ (42) എന്നയാളെ അറസ്റ് ചെയ്തു. വിളിച്ച ഫോണ്‍നമ്പര്‍ സംബന്ധിച്ചുനടത്തിയ അന്വേഷണത്തേത്തുടര്‍ന്നാണ് പിടിയിലായത്.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-14 കാലഘട്ടത്തിലെ വിശ്വസ്തരില്‍ പലരെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒ. പനീര്‍ശെല്‍വം ധനകാര്യമന്ത്രിയായും നാഥം ആര്‍. വിശ്വനാഥന്‍ വൈദ്യുതി മന്ത്രിയായും ആര്‍. വൈത്തിലിംഗം ഭവനമന്ത്രിയായും അധികാരമേല്ക്കും. ഇവരെക്കൂടാതെ ഇടപ്പാടി കെ. പഴനിസ്വാമി, പി. മോഹന്‍ എന്നിവരും മന്ത്രിസഭയിലുണ്ട്.


പനീര്‍ ശെല്‍വംമന്ത്രിസഭയില്‍ വകുപ്പുകളൊന്നും ലഭിക്കാതിരുന്ന പി. ചെന്തൂര്‍ പാണ്ഡ്യന്‍, ഉദ്യോഗസ്ഥനും മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അറസ്റിലായ മുന്‍മന്ത്രി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പുതിയ മന്ത്രിസഭയിലില്ല. ആഭ്യന്തരം, പോലീസ അഖിലേന്ത്യ സര്‍വീസുകള്‍, പൊതുഭരണം എന്നീ വകുപ്പുകള്‍ ജയലളിതതന്നെ കൈകാര്യം ചെയ്യും.

മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്നലെ ഗവര്‍ണറെ കണ്ട ജയലളിത, മന്ത്രിസഭയില്‍ ഉള്‍പ്പെടേണ്ടവരുടെ ലിസ്റ് ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു. തങ്ങളുടെ അമ്മയെ കാണാന്‍ വസതിയായ പോയസ്ഗാര്‍ഡന്‍ മുതല്‍ രാജ്ഭവന്‍വരെയുള്ള നാലു കിലോമീറ്റര്‍ വഴിയില്‍ ആയിരങ്ങളാണു പാര്‍ട്ടി പതാകകളുമായി കാത്തുനിന്നത്. വീടിനുസമീപമുള്ള ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാറിലാണു ജയലളിത രാജ്ഭവനിലെത്തിയത്. എട്ടു മാസത്തിനുശേഷം ശിക്ഷാമുക്തി നേടിയ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. അണ്ണാ റോഡിലുള്ള എഡിഎംകെ സ്ഥാപകനേതാവ് എം.ജി. രാമചന്ദ്രന്‍, സി.എന്‍. അണ്ണാദുരൈ, ഇ.വി. രാമസ്വാമി എന്നിവരുടെ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ ജയയുടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.