അശോക ചക്രവര്‍ത്തിയുടെ ജാതി മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
Friday, May 22, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചരിത്ര പുരുഷനായ അശോക ചക്രവര്‍ത്തിയുടെ ജാതി മാറ്റാനുള്ള ബിജെപി ശ്രമത്തിനെതിരേ ചരിത്രകാരന്‍മാരുടെ പ്രതിഷേധം. ബിഹാറിലെ പിന്നോക്ക വിഭാഗമായ കുശ്വാഹ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു അശോക ചക്രവര്‍ത്തിയെന്നാണു ബിജെപി അനുബന്ധ സംഘടനയായ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയുടെ കീഴിലുള്ള സമുദായ സംഘടന രാഷ്ട്രവാദി കുശ്വാഹ പരിഷത്തിന്റെ അവകാശ വാദം.

മുതിര്‍ന്ന ബിജെപി നേതാക്കളെ പങ്കെടുപ്പിച്ചു സംഘടന അശോക ചക്രവര്‍ത്തിയുടെ 2,320-ാം ജന്മദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ അശോക ചക്രവര്‍ത്തിയുടെ പേരില്‍ സ്റാമ്പ് പുറത്തിറക്കാമെന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ ഒമ്പതു ശതമാനം വരുന്ന പ്രമുഖ വിഭാഗമാണ് കുശ്വാഹകള്‍. ഒരു ചരിത്ര രേഖയിലും അശോക ചക്രവര്‍ത്തിയുടെ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്നു പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബിസി 304-232 ത്താണ് അശോകന്റെ കാലഘട്ടം. ബി.സി 260ല്‍ ഒഡീഷയിലെ കലിംഗയില്‍ വന്‍ യുദ്ധം നടന്നു. യുദ്ധത്തില്‍ കലിംഗയെ അശോകന്‍ കീഴടക്കി. യുദ്ധത്തില്‍ 100,000 പേര്‍ കൊല്ലപ്പെടുകയും 150,000 പേര്‍ നാടുകടത്തപ്പെടുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇത്രയും വലിയ മാനുഷിക ദുരന്തത്തില്‍ ദുഃഖിതനായ അശോകന്‍ ബുദ്ധമതം സ്വീകരിച്ചു. തുടര്‍ന്ന് ബുദ്ധമതം പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞു വച്ചുവെന്നാണ് ഇതു വരെയുള്ള ചരിത്രം പഠിപ്പിക്കുന്നത്.


ടിവി സീരിയലില്‍ കാണുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അശോക ചക്രവര്‍ത്തിക്കു രൂപം നല്‍കാനാണു ബിജെപി ശ്രമിക്കുന്നത്. ചരിത്രവുമായി യാതൊരു ബന്ധവുമില്ലാതെയാണു ബിജെപി അവകാശ വാദം ഉന്നയിക്കുന്നതെന്നും അശോക ചക്രവര്‍ത്തിയും മൌര്യ സാമ്രാജ്യത്വത്തിന്റെ അധഃപതനവും എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ റോമില ഥാപ്പര്‍ പറഞ്ഞു. മുര എന്ന പേരുള്ള ഒരു ശൂദ്ര വനിതയില്‍ മൌര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്‍ ജനിച്ചുവെന്നാണ് ബ്രാഹ്മണ വിശ്വാസമെന്നു പാറ്റ്ന സര്‍വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവി ആര്‍ എസ് ശര്‍മയുടെ പുസ്തകം പറയുന്നു. ഗോരഖ്പൂരിനടുത്ത ഒരു റിപ്പബ്ളിക്കിലെ ഭരണകുലമായിരുന്നു മൌര്യരെന്നാണ് പഴയ ബുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നത്.

അശോകന്‍ ക്ഷത്രിയന്‍ ആയിരുന്നിരിക്കാനുള്ള സാധ്യതയുണ്െടന്നു പറയപ്പെടുന്നുണ്െടന്നും പുസ്തകം പറയുന്നു. അശോക ചക്രവര്‍ത്തിയുടെ പേരില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നു ഡല്‍ഹി സര്‍വകലാശാല ചരിത്ര വിഭാഗം മുന്‍ മേധാവി ഡി.എന്‍. ഝായും ഭഗല്‍പൂര്‍ സര്‍വ്വകലാശാല ചരിത്ര വിഭാഗം അധ്യാപകനായ കെ.കെ. മണ്ഡലും കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.