ഡല്‍ഹിയില്‍ നടന്നിരുന്നത് ഉദ്യോഗസ്ഥ ലോബിയുടെ കച്ചവടമെന്ന് ആപ് സര്‍ക്കാര്‍
Friday, May 22, 2015 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ അനുകൂലിച്ചു ഡല്‍ഹിയിലെ വിരമിച്ചവര്‍ ഉള്‍പ്പടെയുള്ള ഐഎഎസുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ മൌനാനുവാദത്തോടെ എതിര്‍ സ്വരമുയര്‍ത്തിയതോടെ ആം ആദ്മി സര്‍ക്കാരും ഏറ്റുമുട്ടലിനു തയാറായതായി സൂചന. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നും ആരോപണങ്ങളുന്നയിച്ച് അനാവശ്യ വിവാദങ്ങളില്‍ കൊണ്െടത്തിക്കുന്നുവെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കടുത്ത ആരോപണം കൊണ്ടാണു നേരിട്ടത്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ, നിയമന കച്ചവടമാണ് ഇത്രനാളും നടന്നിരുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. തങ്ങള്‍ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളില്‍തന്നെ ഇതിനു വിരാമമിട്ടതായി സിസോദിയ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വന്നശേഷം എല്ലാ ഉദ്യോഗസ്ഥര്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണു സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നല്‍കിയതത്രെ.

കച്ചവടം മുടങ്ങിയതോടെ ആം ആദ്മി സര്‍ക്കാറിനെതിരേ ഉദ്യോഗസ്ഥ ലോബി തിരിയുകയാണെന്നും സിസോദിയ തുറന്നടിച്ചു. മുന്‍ സര്‍ക്കാറുകളുടെ കാലത്തു പദവി ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ കോടികള്‍ കൊയ്ത പലരും ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ധാര്‍മികതയെക്കുറിച്ചു വാചാലരാവുകയാണെന്നും അത്തരക്കാരോടാണു സര്‍ക്കാറിന് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും കേജരിവാളും അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഉദ്യോഗസ്ഥ നിയമനവിവാദങ്ങളിലൂടെ ഡല്‍ഹി സര്‍ക്കാര്‍ ഭരണഘടന പ്രതിസന്ധി ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വിവാദങ്ങളും ഉറ്റ തോഴന്‍മാരാണെന്നും നഖ്വി കുറ്റപ്പെടുത്തി. നാടകീയതകളില്‍നിന്നും കേജരിവാള്‍ ഇപ്പോള്‍ വിവാദങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാദങ്ങളില്‍തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണു കേജരിവാള്‍ ലഫ്. ഗവര്‍ണറുമായി ഏറ്റുമുട്ടുന്നത്.


ജനങ്ങള്‍ക്കു വേണ്ടി ഇത്തരം വിവാദങ്ങളെക്കുറിച്ചു ജാഗ്രത പാലിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ക്കായുള്ള മാധ്യമ ശില്പശാലയില്‍ കേന്ദ്ര മന്ത്രി മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.