തൊഴില്‍നിയമം: കേന്ദ്രനീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Monday, May 4, 2015 11:28 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വ്യവസായികള്‍ക്ക് അനുകൂലമായി തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി പുതിയ തൊ ഴില്‍നിയമം ഉണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. 300 പേരില്‍ താഴെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും തൊഴിലാളികളെ പിരിച്ചു വിടുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ലെന്നും തൊഴിലാളി യൂണിയനുകളുടെ രൂപവത്കരണം നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്‍ 2015 നെതിരേയാണു തൊഴിലാളി സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഇതിനെതിരേ സമരം തുടങ്ങാനാണു ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് അടക്കമുള്ളവര്‍ ആലോചിക്കുന്നത്.

1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്, 1926ലെ ട്രേഡ് യൂണിയന്‍സ് ആക്ട്, ഇന്‍ഡസ്ട്രിയല്‍ എംപ്ളോയ്മെന്റ് (സ്റാന്‍ഡിംഗ് ഓര്‍ഡേഴ്സ്) ആക്ട് 1946 എന്നിവ യോജിപ്പിച്ച് പുതിയ നിയമമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്‍ 2015 എന്നു പേരിട്ടിരിക്കുന്ന ബില്ലിന്റെ കരട് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

മേയ് ആറിന് തൊഴില്‍ സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തി ല്‍ തങ്ങളുടെ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നു.

തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനെന്ന പേരിലാണു കമ്പനികള്‍ക്ക് അനുകൂലമാംവിധം വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്തുന്നത്.

നൂറോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന കമ്പനിയും സ്ഥാപനങ്ങളും അടയ്ക്കുകയോ തൊഴിലാളികളെ പിരിച്ചു വിടുകയോ ചെയ്യുന്നതിനു മുമ്പായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്നാണ് 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടില്‍ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ, തൊഴില്‍ ചട്ടങ്ങള്‍ അനുസരിച്ച,് ഏഴോ അതിലധികമോ ആളുകള്‍ ചേര്‍ന്നു യൂണിയന്‍ രജിസ്റര്‍ ചെയ്യാം. ഇത് പത്ത് ശതമാനമാക്കാനാണു പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.


10 ശതമാനത്തിലധികം ജീവനക്കാരുടെയോ അല്ലെങ്കില്‍ നൂറു തൊഴിലാളികളുടെയോ പിന്‍ബലമില്ലാതെ ട്രേഡ് യൂണിയനുകള്‍ രൂപവത്കരിക്കാനാകില്ല. യൂണിയനുകളില്‍ ജീവനക്കാര്‍ക്കു മാത്രമേ ഭാരവാഹിയാവാന്‍ ആകൂ. എന്നാല്‍, അസംഘടിത മേഖലകളിലെ യൂണിയനുകളില്‍ പുറത്തുനിന്ന് രണ്ടു ഭാരവാഹികളെ അനുവദിക്കും.

സമരവും ലോക്കൌട്ടും പാടില്ലെന്നതാണു മറ്റൊരു പ്രധാന വ്യവസ്ഥ. ഇതനുസരിച്ച് വ്യവസായ മേഖലയില്‍ സമരങ്ങള്‍ക്കും മിന്നല്‍ പണിമുടക്കുകള്‍ക്കും കര്‍ശന നിയന്ത്രണം വരും. പണിമുടക്കു നടത്തില്ലെന്നു തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നിയമനം നല്‍കുമ്പോള്‍ തന്നെ കരാറില്‍ ഒപ്പിടണം. ഇത് ലംഘിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും.

കരാര്‍ ലംഘിച്ചു പണിമുടക്കിയാല്‍ 20,000 രൂപവരെ തൊഴിലാളിക്കു പിഴ ചുമത്താനും നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലുടമയ്ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ തൊഴിലാളിക്ക് അവകാശമില്ലെന്നും സര്‍ക്കാരാണു നടപടിയെടുക്കേണ്ടതെന്നുമുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.