പാക് പതാക: നടപടിയെന്നു മുഫ്തി
പാക് പതാക: നടപടിയെന്നു മുഫ്തി
Sunday, May 3, 2015 11:21 PM IST
അഹമ്മദാബാദ്/ജമ്മു: ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനി പങ്കെടുത്ത ചടങ്ങില്‍ പാക്കിസ്ഥാന്റെ പതാക വീശിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ വാഗ്ദാനം. അമര്‍നാഥ് യാത്രയ്ക്കുള്ള ദിവസം വെട്ടിക്കുറയ്ക്കണമെന്ന ഗിലാനിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. അമര്‍നാഥ് യാത്ര 59 ദിവസത്തില്‍നിന്നു 30 ദിവസമായി വെട്ടിക്കുറയ്ക്കണമെന്നായിരുന്നു ജമ്മുവിലെ പൊതുയോഗത്തില്‍ ഗിലാനി ആവശ്യപ്പെട്ടത്. യാത്ര നിശ്ചയിച്ചിരിക്കുന്ന മുറയ്ക്കു നടക്കും.

ഗിലാനിയുടെ യോഗത്തില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതേ കുറ്റത്തിനു ജയിലിലായ മസ്റത്ത് ആലമിന്റെ കാര്യവും പരാമര്‍ശിച്ചു. ഗിലാനി പങ്കെടുത്ത ചടങ്ങില്‍ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തുകയും പാക്കിസ്ഥാന്‍ പതാക പാറിക്കുകയും ചെയ്തതിനാണു മസ്റത്ത് ആലം അറസ്റിലായത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇയാള്‍ ജയില്‍ മോചിതനായത്. വീണ്ടും ഇയാള്‍ പാക്കിസ്ഥാന്‍ പതാകയുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ അറസ്റിലാവുകയായിരുന്നുവെന്നും സയിദ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി വിശദമാക്കി. ടൂറിസം പ്രചാരണത്തിന്റെ ഭാഗമായാണു മുഫ്തി അഹമ്മദാബാദിലെത്തിയത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.