പഞ്ചാബ് മാനഭംഗം: ഓര്‍ബിറ്റ് ബസുകള്‍ നിരത്തില്‍നിന്നു പിന്‍വലിച്ചു
Sunday, May 3, 2015 11:18 PM IST
ചണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി മാനഭംഗത്തിനിടെ മരിച്ച സംഭവത്തെത്തുടര്‍ന്ന്, ആരോപണവിധേയരായ ഓര്‍ബിറ്റ് ഏവിയേഷന്റെ മുഴുവന്‍ ബസുകളും നിരത്തില്‍നിന്നു പിന്‍വലിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സുഖ്ബിര്‍ സിംഗ് ബാദല്‍, ഭാര്യയും കേന്ദ്രമന്ത്രിയുമയ ഹര്‍സിമ്രത് കൌര്‍ എന്നിവര്‍ക്കും പങ്കാളിത്തമുള്ളതാണ് ഓര്‍ബിറ്റ് ഏവിയേഷന്‍. മുഴുവന്‍ ജീവനക്കാരെയും ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാനും ഉപമുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുകയാണ്. ബസ് ഉടമസ്ഥര്‍ക്കെതിരേ നടപടിയെടുത്ത ശേഷമേ പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കൂ എന്ന നിലപാടിലാണു കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കുടുംബാംഗങ്ങള്‍ നിരസിക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനം കാത്തു മോഗയിലെ സിംഗ്വാലാ ഗ്രാമത്തിലെ മോര്‍ച്ചറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

അതിനിടെ, മാനഭംഗത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മയെ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ ഇന്നലെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയവും നടത്തി. പ്രശ്നം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിനു തയാറാകാന്‍ കടുത്ത സമ്മര്‍ദം ഉണ്െടന്നു പെണ്‍കുട്ടിയുടെ പിതാവ് സുഖ്ദേവ് സിംഗ് പരാതിപ്പെട്ടു. ബസിന്റെ ഉടമസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റര്‍ചെയ്യുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഓര്‍ബിറ്റ് കമ്പനി സര്‍വീസ് നടത്തിയിത്. സണ്‍ഗ്ളാസും കര്‍ട്ടനുകളും ഉപയോഗിച്ചു ബസിന്റെ വാതിലുകള്‍ മറച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


മോഗയില്‍നിന്നു പത്തുകിലോമീറ്റര്‍ അകലെ ഗില്‍ ഗ്രാമത്തിലാണു വ്യാഴാഴ്ച പീഡനം അരങ്ങേറിയത്. ഗുരുദ്വാരയിലെ പ്രാര്‍ഥന കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ ബസില്‍വച്ച് അമ്മയും മകളും ആക്രമണത്തിനിരയാവുകയായിരുന്നു. പത്തു വയസുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബസിലെ ക്ളീനര്‍ ആദ്യം അമ്മയെയും തുടര്‍ന്ന് പെണ്‍കുട്ടിയെയും ഉപദ്രവിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടില്ല. ഇതിനിടെ അക്രമികള്‍ അമ്മയെയും മകളെയും ബസില്‍നിന്നു വലിച്ചെറിഞ്ഞു. പെണ്‍കുട്ടി മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.