മലയാളി സുന്ദരി ഫൈനല്‍ റൌണ്ടില്‍
മലയാളി സുന്ദരി ഫൈനല്‍ റൌണ്ടില്‍
Sunday, May 3, 2015 11:59 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: വിവാഹം സ്വപ്നങ്ങള്‍ക്കു തിരശീലയല്ലെന്നു തെളിയിക്കാനൊരുങ്ങുകയാണ് ഐറിസ് മജുവെന്ന മലയാളി യുവതി. ദേശീയതലത്തില്‍ സൌന്ദര്യം മാറ്റുരയ്ക്കുന്ന വേദിയില്‍ മലയാളത്തിന്റെ മുഖമായി ലോകവേദിയില്‍ തിളങ്ങാനുള്ള സന്തോഷത്തിലാണ് എറാണുളം സ്വദേ ശിയായ ഐറിസ് മജു.

17ന് പൂനയില്‍ നടക്കുന്ന മിസിസ് പ്ളാനറ്റ് ആന്‍ഡ് മിസിസ് ഇന്ത്യ-ഏഷ്യ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫൈനല്‍ റൌണ്ടിലെത്തിയ 32 സുന്ദരികളിലെ ഏക മലയാളിയാണ് ഐറിസ്.

പൂന റസിഡന്‍സി ക്ളബ്ബില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ മലേഷ്യയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ സൌന്ദര്യ മത്സരത്തില്‍ കുടുംബിനികളുടെ ലോകസുന്ദരി പട്ടത്തിനായോ, ഏഷ്യയിലെ സുന്ദരി പട്ടത്തിനായോ ഐറിസ് ഇന്ത്യയെ പ്രതിനിധീകരിക്കും.

വിവാഹിതകള്‍ക്കായി നടക്കുന്ന സൌന്ദര്യ മത്സരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിതെന്ന് ഇന്ത്യയിലെ പേജന്റ് ഡയറക്ടര്‍ ദീപാലി ഫഡ്നിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മിസിസ് പ്ളാനറ്റ് പട്ടം നേടിയത് ഇന്ത്യക്കാരിയായ ആന്ധ്രയില്‍ നിന്നുള്ള മെഹക കൃഷ്ണമൂര്‍ത്തിയാണ്. ഹരിത പ്രകൃതിയും പ്രമേഹ ബോധവത്കരണവുമാണു ഈ സൌന്ദര്യ മത്സരം മുന്നോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളെന്നു ഐറിസ് മജു പറഞ്ഞു.


ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനിയറായ തേവര പെരുമാനൂര്‍ മല്ലോത്ത് ഹൌസില്‍ കേണല്‍ മജു ജോസഫിന്റെ ഭാര്യയാണ് ഐറിസ്. ഏയ്ബല്‍ ഏകമകനാണ്. ഏലൂര്‍ നഗരസഭയിലെ മഞ്ഞുമ്മല്‍ വാര്‍ഡ് കൌണ്‍സിലര്‍ ജെട്രൂഡിന്റെയും പരേതനായ കാളിപ്പറമ്പില്‍ ജോസഫ് സില്‍വിയുടെയും മകളായ ഐറിസിനു ആത്മവിശ്വാസമാണു പ്രധാന കൈമുതല്‍.

സ്ത്രീ സൌന്ദര്യമെന്നാല്‍ അഴകിന്റെ മാറ്റുരയ്ക്കലിനപ്പുറം ബുദ്ധിയും വിവേകവും നല്‍കുന്ന ആകര്‍ഷണീയതയാണെന്നു ബോധ്യപ്പെട്ടപ്പോഴാണു ബ്യൂട്ടി പേജന്റില്‍ തുടരണമെന്ന് ആഗ്രഹിച്ചതെന്ന് ഐറിസ് ദീപികയോടു പറഞ്ഞു.

ആദ്യറൌണ്ടുകളില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ആത്മവിശ്വാസവും പ്രാര്‍ഥനയുമാണു സെമിഫൈനലിസ്റാക്കാന്‍ തന്നെ യോഗ്യയാക്കിയതെന്ന് ഐറിസ് വിശദീകരിച്ചു.

ഇന്റര്‍നെറ്റില്‍ സജീവമായ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ പിന്തുണച്ചാല്‍ മിസിസ് ഇന്ത്യ മോസ്റ് ഫെയ്മസ് ഓണ്‍ സോഷ്യല്‍ മീഡിയ എന്ന സബ്ടൈറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഐറിസ്.ഓണ്‍ലെന്‍ വോട്ടെടുപ്പില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഐറിന്‍. വു://ംംം.ാൃശിെറശമമശെമശിലൃിേമശീിേമഹ.ശി/്ീലേ.ുവു എന്ന വെബ്സൈറ്റ് ലിങ്കില്‍ ഐറിസിനു വേണ്ടി വോട്ടു ചെയ്യാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.