റബര്‍: വാഗ്ദാനങ്ങളുമായി വീണ്ടും കേന്ദ്രം
റബര്‍: വാഗ്ദാനങ്ങളുമായി വീണ്ടും കേന്ദ്രം
Wednesday, April 29, 2015 12:36 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: റബര്‍ വിലത്തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ നടപടികളില്ലാതെ നീളുന്ന വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും.

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട എംപിമാരുമായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയിലാണു റബര്‍ പാലു പോലെ വലിയുന്ന 'പരിശോധിക്കാ'മെന്ന വാഗ്ദാനം മാത്രമായി ശേഷിച്ചത്. വ്യവസായികളുടെ താത്പര്യത്തെക്കുറിച്ചു വിശദമായി സംസാരിച്ച കേന്ദ്രമന്ത്രി 11 ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ നടപടി വൈകിക്കുന്നതാണു ഇന്നലെയും വ്യക്തമായത്.

റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുക, ഇറക്കുമതിത്തീരുവ 25 ശതമാനമായി ഉയര്‍ത്തുക, റബര്‍ സംഭരണത്തിനു 500 കോടി രൂപ കേന്ദ്രം നല്‍കുക തുടങ്ങിയ എംപിമാരുടെയും കേരള സര്‍ക്കാരിന്റെയും കര്‍ഷകരുടെയും പ്രധാന ആവശ്യങ്ങളിലൊന്നും തീരുമാനമോ, വ്യക്തമായ ഉറപ്പുകളോ നല്‍കാന്‍ മന്ത്രി തയാറായില്ല. എന്നാല്‍, ഇക്കാര്യങ്ങളിലെല്ലാം രണ്ടാഴ്ചയ്ക്കകം പരിശോധിച്ചു നടപടികള്‍ക്കു ശ്രമിക്കാമെന്നു നിര്‍മല സീതാരാമന്‍ എംപിമാരോടു പറഞ്ഞു.

മുന്‍കൂട്ടി നിശ്ചയിക്കുന്ന കാലപരിധിയോടെ കുറച്ചുകാലത്തേക്കു ഇറക്കുമതി നിയന്ത്രിക്കുക, ഒറ്റത്തവണ സാമ്പത്തിക സഹായം നല്‍കുക എന്നിവയ്ക്കായി ഒരാഴ്ചയ്ക്കകം പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേരള എംപിമാരോടു നിര്‍ദേശിച്ചതിലാകും ഇനി കര്‍ഷകരുടെ പ്രതീക്ഷ. റബര്‍ കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാമെന്നു മന്ത്രി അറിയിച്ചു. ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ 75 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 10 ശതമാനം കര്‍ഷകനും നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്‍ഷ്വറന്‍സ് പദ്ധതി പ്രായോഗികമായി നടപ്പാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നു യോഗത്തില്‍ കേരള എംപിമാര്‍ ചൂണ്ടിക്കാട്ടി.

വിലസ്ഥിരതാ ഫണ്ടിന്റെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്കു പ്രയോജനകരമാകാന്‍ വേണ്ടി മാറ്റണമെന്ന കേരള എംപിമാരുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. നിലവിലെ വ്യവസ്ഥയനുസരിച്ചു ഏഴു വര്‍ഷത്തെ ശരാശരി വില നിശ്ചിത പരിധിയിലും 20 ശതമാനത്തില്‍ താഴ്ന്നാല്‍ മാത്രം വിലസ്ഥിരതാ ഫണ്ടില്‍ നിന്നു കര്‍ഷകനെ സഹായിക്കാനാകൂ. വ്യവസ്ഥ മാറ്റിയില്ലെങ്കില്‍ ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകനു വിലസ്ഥിരതാ ഫണ്ടിന്റെ ഗുണഫലം ഫലത്തില്‍ ലഭിക്കില്ലെന്നു എംപിമാര്‍ ചൂണ്ടിക്കാട്ടി.

ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരഷ്േ, പി. കരുണാകരന്‍, ജോയിസ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, സി.പി. നാരായണന്‍, എ. സമ്പത്ത്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എന്നീ കേരള എംപിമാരും ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഓരോ എംപിമാരുമാണു ഇന്നലെ കേന്ദ്ര വാണിജ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.


റബറിന്റെ ഇറക്കുമതി തീരുവ 20ല്‍ നിന്നു 25 ശതമാനമായി ഉയര്‍ത്താന്‍ വാണിജ്യമന്ത്രാലയം നല്‍കിയ ശിപാര്‍ശയില്‍ ധനമന്ത്രാലയത്തിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നു നിര്‍മല വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിജ്ഞാപനം വേഗത്തിലിറക്കാന്‍ താന്‍ നേരിട്ടു ശ്രമം നടത്തുമെന്നു മന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും വാണിജ്യമന്ത്രാലയം തീരുവ കൂട്ടാന്‍ ശിപാര്‍ശ നല്‍കിയെങ്കിലും ധനമന്ത്രാലയം തീരുമാനം നടപ്പാക്കുന്നതു ഒന്നര വര്‍ഷം നീട്ടിയെന്നു കേരള എംപിമാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴും വാണിജ്യമന്ത്രാലയത്തിന്റെ ശിപാര്‍ശയിന്മേല്‍ ടയര്‍ ലോബിക്കു വേണ്ടി തീരുമാനം വൈകിപ്പിക്കുകയാണ്.റബര്‍ കര്‍ഷകര്‍ക്കു കിലോഗ്രാമിനു 150 രൂപയെങ്കിലും നല്‍കിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നു ചര്‍ച്ചയില്‍ വിശദമായി സംസാരിച്ച ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. കര്‍ഷകരെ സഹായിക്കാനായി കേരള സര്‍ക്കാര്‍ 300 കോടി രൂപ സംഭരണത്തിനായി നീക്കിവച്ചു.

കേന്ദ്രവും ഇത്രയെങ്കിലും തുക അനുവദിക്കണമെന്നു ജോസ്, ജോയി, ആന്റോ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.ടയര്‍ വ്യവസായികളുടെ ലാഭം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം ഇരട്ടിയിലധികമായി കൂടിയെന്നു അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നു ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. ടയര്‍ കമ്പനികളുടെ ഓഹരിവിലകളും കുത്തനെ കൂടി. പക്ഷേ കര്‍ഷകനു മാത്രം വില കുത്തനെ ഇടിഞ്ഞു. മൊത്തം വിറ്റുവരവില്‍ കാര്യമായ വര്‍ധനയില്ലാതെയാണു എല്ലാ ടയര്‍ കമ്പനികളുടെ ലാഭം ഇരട്ടിയായതെന്നു ജോസ് പറഞ്ഞു. ചുരുക്കത്തില്‍ അസംസ്കൃത ഉത്പന്നമായി റബറിന്റെ വിലയിടിച്ചതു മൂലം മാത്രമാണു വ്യവസായികള്‍ കൊള്ളലാഭം ഉണ്ടാക്കിയത്. ഇതേസമയം, റബറിന്റെ ആഭ്യന്തര ഉത്പാദനം ആവശ്യത്തിലും കുറവാണെന്നും ഇറക്കുമതി കൂടിയേ തീരൂവെന്നുമായിരുന്നു വാണിജ്യമന്ത്രിയുടെ മറുപടി. ടയര്‍ കമ്പനികള്‍ക്കു ബ്ളോക്ക് റബര്‍ ആണ് ആവശ്യമെന്നും ഇതു രാജ്യത്തു കുറവാണെന്നും നിര്‍മല വിശദീകരിച്ചു. എന്നാല്‍ ഒട്ടുപാലും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ബ്ളോക്ക് റബര്‍ ഇന്ത്യയിലെ ഷീറ്റ് റബറിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞതും വില കുറഞ്ഞതുമാണെന്നു കേരള എംപിമാര്‍ പറഞ്ഞെങ്കിലും മന്ത്രി തന്റെ വാദത്തില്‍ ഉറച്ചുനിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.