മോദിയുടെ അഴിമതി പ്രസ്താവനക്കെതിരേ രാജ്യസഭയില്‍ ബഹളം
Wednesday, April 29, 2015 12:30 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിദേശ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി അഴിമതി പരാമര്‍ശം നടത്തിയതിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. ബഹളം രൂക്ഷമായതിനെത്തുടര്‍ന്നു രാജ്യസഭ മൂന്നു തവണ നിര്‍ത്തിവച്ചു.

കാനഡ സന്ദര്‍ശനത്തിനിടെ മോദി നടത്തിയ സ്കാം ഇന്ത്യാ ടു സ്കില്‍ഡ് ഇന്ത്യ പരാമര്‍ശമാണു പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ 60 വര്‍ഷക്കാലത്തെ അഴിമതിയുടെ കറകള്‍ രാജ്യത്തു നിന്നു തുടച്ചു മാറ്റുമെന്നാണു മോദി പ്രസംഗിച്ചത്.

എന്നാല്‍, ഈ പരാമര്‍ശത്തിലൂടെ മോദി ഇന്ത്യയുടെ യശസിനെ താഴ്ത്തിക്കെട്ടിയെന്നാരോപിച്ചാണു പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍, മോദി ഇന്ത്യയുടെ അന്തസ് ഇടിച്ചു താഴ്ത്തി എന്ന പ്രതിപക്ഷ വാദത്തിനെതിരേ ന്യായീകരണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. കഴിഞ്ഞ 60 വര്‍ഷക്കാലത്തെ അപേക്ഷിച്ച് ഈ സര്‍ക്കാര്‍ അഴിമതി മുക്തമായിരിക്കുമെന്നാണു പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. ശൂന്യവേള നിര്‍ത്തിവച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ 267-ാം ചട്ടപ്രകാരമുള്ള നോട്ടീസിനു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നു മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. വിദേശ രാജ്യത്തു നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ അന്തസിടിച്ചു താഴ്ത്തിയെന്നു ജെഡിയു നേതാവ് ശരദ് യാദവും ആരോപിച്ചു. സിപിഎമ്മും പ്രതിഷേധത്തില്‍ അണി ചേര്‍ന്നു. എന്നാല്‍ ആരോപണങ്ങള്‍ക്കു മറുപടി പറയവേ അഴിമതിയേക്കാള്‍ അവ ചൂണ്ടിക്കാട്ടുന്നതാണോ രാജ്യത്തിന്റെ അന്തസിനു കോട്ടം വരുത്തുന്നതെന്നു ജെഡിയുവിനോടും സിപിഎമ്മിനോടും ചോദിച്ചു. അഴിമതി ഇന്ത്യയുടെ മാനം കളഞ്ഞിട്ടില്ലെന്നും അഴിമതി ചൂണ്ടിക്കാട്ടിയതാണു അന്തസ് ഇടിച്ചതെന്നുമുള്ള വാദം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.


തുടര്‍ന്നും പ്രധാനമന്ത്രി വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ബഹളം ഉയര്‍ത്തിയതോടെ ഉപാധ്യക്ഷന്‍ രാജ്യസഭ പതിനഞ്ചു മിനിട്ടു നേരത്തേക്കു പിരിച്ചു വിട്ടു. പിന്നീടു ചോദ്യോത്തര വേളയ്ക്കായി ഒത്തു കൂടിയപ്പോഴും വിഷയത്തില്‍ സഭയില്‍ പ്രതിഷേധമുയര്‍ന്നു. വിഷയത്തില്‍ റൂളിംഗ് നല്‍കിക്കഴിഞ്ഞ ചെയറിനു മുന്നില്‍ വീണ്ടും ഇതുന്നയിക്കരുതെന്നു രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരി കോണ്‍ഗ്രസ് അംഗങ്ങളോടു ചൂണ്ടിക്കാട്ടി. എന്നിട്ടും പ്രതിഷേധം തുടര്‍ന്നപ്പോള്‍ സഭ വീണ്ടും പതിനഞ്ചു മിനിട്ടു നേരത്തേക്കു പിരിഞ്ഞു. വീണ്ടും സഭ കൂടിയപ്പോള്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തി. ഇതേ തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്ലി വീണ്ടും സംസാരിച്ചപ്പോഴേക്കും പ്രതിപക്ഷം ബഹളം ഉയര്‍ത്തിയതോടെ രാജ്യസഭ അധ്യക്ഷന്‍ വീണ്ടും സഭ പിരിച്ചു വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.