ട്രായ് ഇ-മെയില്‍ പരസ്യമാക്കിയത് അന്വേഷിക്കണമെന്ന് എംപി
Wednesday, April 29, 2015 12:28 AM IST
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷത സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തിയ പത്തുലക്ഷത്തിലേറെ വ്യക്തികളുടെ വിലാസം പ്രസിദ്ധപ്പെടുത്തിയ ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി)യുടെ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഗൌരവ് ഗോഗോയ് ആവശ്യപ്പെട്ടു. കോര്‍പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ട്രായ് ഇത്തരം നിരുത്തരവാദപരമായ നടപടികളെടുക്കുന്നതെന്നും ഹാക്കര്‍മാര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ടെലികോം സര്‍വീസിനെക്കുറിച്ചു ജനങ്ങല്‍ പ്രകടിപ്പിച്ച അഭിപ്രായം ലഭിക്കാനുള്ള അവസരം സൃഷ്ടിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രമായി പൌരന്മാര്‍ക്ക് അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്യ്രത്തിനെതിരേയുള്ള വെല്ലുവിളിയാണിതെന്നും ഗോഗോയ് പറഞ്ഞു.


ട്രായിയുടെ അഭ്യര്‍ഥനപ്രകാരമാണ് ജനങ്ങള്‍ അഭിപ്രായങ്ങള്‍ ഇ-മെയിലിലൂടെ ട്രായിക്ക് അയച്ചത്. പത്തുലക്ഷത്തിലേറെപ്പേര്‍ അഭിപ്രായം അറിയിച്ചതിനാല്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത് ക്ളേശകരമായിരുന്നതുകൊണ്ട് പലവിഭാഗമായി തിരിച്ചാണ് ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. രഹസ്യമായി ട്രായിക്കു നല്‍കിയ വിവരങ്ങളും അഭിപ്രായങ്ങളും ഇ-മെയിലും പരസ്യമാക്കിയതിനെതിരേ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.