8,975 എന്‍ജിഒകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി
Wednesday, April 29, 2015 12:40 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിദേശഫണ്ട് സ്വീകരിക്കുന്ന ഒന്‍പതിനായിരത്തോളം സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൌണ്േടഷന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 8,975 എന്‍ജിഒകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച് കണക്ക് ഹാജരാക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. രജിസ്ട്രേഷന്‍ റദ്ദാക്കിയ സംഘടനകളുടെ വസ്തുവകകള്‍ കണ്െടടുക്കാനും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2009-12 വരെയുള്ള കണക്കുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം 10,343 സംഘടനകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വിദേശ സംഭാവനകള്‍ ലഭിക്കുന്നതു സംബന്ധിച്ച വാര്‍ഷിക കണക്കുകളും പണം ലഭിക്കുന്ന സ്രോതസും അടക്കമുള്ള വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നായിരുന്നു 2014 ഒക്ടോബര്‍ 16നു നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 229 സംഘടനകള്‍ മാത്രമേ വിശദാംശങ്ങളും കണക്കുകളും സമര്‍പ്പിച്ചിരുന്നുള്ളുയെന്നും മിക്ക സംഘടനകള്‍ക്കുമയച്ച നോട്ടീസ് തിരിച്ചെത്തുകയായിരുന്നെന്നും ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു.


510 സംഘടനകള്‍ക്ക് അയച്ച നോട്ടീസ് കൈപ്പറ്റാതെ തിരിച്ചുവരികയായിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷി 8975 സംഘടനകള്‍ക്കു നോട്ടീസ് നല്‍കിയത്. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പതിനെട്ടാം വകുപ്പ് അനുസരിച്ച് ലൈസന്‍സ് ലഭിക്കുന്ന സംഘടനകള്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒന്‍പത് മാസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കണക്കുകള്‍ ഹാജരാക്കണം.

അടുത്തിടെയായി വിവിധതരം എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിക്കുകയായിരുന്നു. വൈദ്യുത പദ്ധതികള്‍, ഖനനം, ജനിതക മാറ്റം വരുത്തിയ വിളകള്‍ എന്നിവയ്ക്കെതിരേ സമരം നടത്തുന്ന ഇത്തരം സംഘടനകള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു തുരങ്കം വയ്ക്കുകയാണെന്ന് ഇന്റലിജന്‍സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഗ്രീന്‍പീസിന്റെയും ഫോര്‍ഡ് ഫൌണ്േടഷന്റെയും പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.