പ്രവാസി വോട്ടവകാശം: പ്രോക്സിവോട്ടിനു കേന്ദ്ര പിന്തുണയില്ല
Wednesday, April 29, 2015 12:40 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സര്‍വകക്ഷി യോഗം വിളിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, രാജ്യസഭയില്‍ ഇന്നലെ ഇ-തപാല്‍ സംവിധാനത്തെ അനുകൂലിച്ചു സംസാരിച്ച കേന്ദ്ര നിയമ മന്ത്രി ഡി.വി സദാനന്ദ ഗൌഡ പ്രോക്സി വോട്ട് അനുവദിക്കാനാവില്ലെന്ന സൂചനയാണു നല്‍കിയത്. പ്രതിപക്ഷ കക്ഷികളുടെ ആവശ്യം അംഗീകരിച്ചാണു സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയത്. പ്രോക്സി വോട്ടിംഗ് രീതി പ്രായോഗികമല്ല. എന്നാല്‍, ഇ-തപാല്‍ വോട്ടു നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങളാണു സര്‍ക്കാര്‍ ആരായുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിനായി ഇ-തപാല്‍ വോട്ടോ പകരക്കാരനെ വച്ചുള്ള പ്രോക്സി വോട്ടോ അനുവദിക്കാമെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശമായിരിക്കും പ്രധാനമായും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസികളുടെയും വോട്ടകവകാശത്തിനു നിയമം രൂപീകരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണനയ്ക്കെടുക്കും. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടിയായാണു നിയമമന്ത്രി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രവാസികളുടെ വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. പ്രവാസികള്‍ക്കു വോട്ടവകാശം സംബന്ധിച്ചു നിയമം കൊണ്ടു വന്നതും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം നല്‍കിയതും യുപിഎ സര്‍ക്കാരാണെന്നു മുന്‍ പ്രവാസികാര്യ മന്ത്രിയും എംപിയുമായ വയലാര്‍ രവി ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്കു അവരവര്‍ ജോലി ചെയ്യുന്ന രാജ്യത്തു തന്നെ വോട്ടു ചെയ്യാനുള്ള അവകാശം നല്‍കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട കരാറുകാരും തൊഴിലുടമകളും പ്രോക്സി വോട്ടുകള്‍ വിലയ്ക്കു വാങ്ങി ദുരുപയോഗം ചെയ്യുമെന്ന് കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലുള്ള ആഭ്യന്തര കുടിയേറ്റ തൊഴിലാളികളില്‍ കേരളത്തില്‍ മാത്രം 25 ലക്ഷം തൊഴിലാളികളുണ്െടന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കോടതിയല്ല പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു പ്രമുഖ നിയമജ്ഞനും എംപിയുമായ കെ.ടി.എസ് തുളസി ചൂണ്ടിക്കാട്ടി.

ഒരു കോടിയിലേറെ വരുന്ന വിദേശ ഇന്ത്യക്കാരില്‍ 12,000ല്‍ താഴെ മാത്രം ആളുകളെയാണ് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേരു ചേര്‍ത്തതെന്നും ഇതില്‍ 11,846 പേര്‍ കേരളത്തില്‍ നിന്നാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആന്ധ്രയില്‍ ഒരാളും മധ്യപ്രദേശില്‍ ആറു പേരും ഡല്‍ഹിയില്‍ പതിമൂന്നു പേരും തമിഴ്നാട്ടില്‍ 112 പേരും മാത്രമാണു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത വിദേശ ഇന്ത്യക്കാര്‍.

ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണു കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തങ്ങള്‍ പ്രവാസികളുടെ വോട്ടവകാശത്തെ എതിര്‍ക്കുകയല്ലെന്നും മറിച്ചു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്യാതെ മുന്നോട്ടു നീങ്ങാനുള്ള സര്‍ക്കാര്‍ നടപടികളെയാണ് എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. എഐഎഡിഎംകെ, ഡിഎംകെ, ബിജെഡി, സിപിഐ, എസ്പി, ജെഡിയു തുടങ്ങിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാമെന്നാണു ഇന്നലെ സദാനന്ദ ഗൌഡ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ വോട്ടവകാശം സംബന്ധിച്ചു ചര്‍ച്ച ചെയ്യാനും എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ പൊതു സമ്മത പ്രകാരം ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങുമെന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും രാജ്യസഭയില്‍ വ്യക്തമാക്കി.


വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ള പ്രവാസി അപേക്ഷ നല്‍കിയാല്‍ തപാല്‍ വോട്ടിനുള്ള ബാലറ്റ് ഇമെയില്‍ മുഖേനെ അയച്ചു കൊടുക്കും. ഇത് പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി അതാതു മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് അയച്ചു കൊടുക്കുന്നതാണ് ഇ-തപാല്‍ വോട്ടിംഗ് രീതി.

പ്രവാസികള്‍ക്കു രാജ്യത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശം നല്‍കുന്ന നിയമം കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയിരുന്നെങ്കിലും വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ളവര്‍ക്കു മാത്രമാണ്് ഇതിനു അവസരം ലഭിച്ചിരുന്നത്.

ബാലറ്റ് പേപ്പറിന്റെയും വോട്ടിംഗിന്റെയും ആധികാരികത ഉറപ്പാക്കാനും രേഖയുടെ സുരക്ഷയ്ക്കും ഒന്നില്‍ കൂടുതല്‍ പ്രിന്റ് ഔട്ട് അയയ്ക്കുന്നത് തടയാനും ക്യൂആര്‍ കോഡ് സുരക്ഷ ഉണ്ടാക്കണം, ആളെ തിരിച്ചറിയുന്നതിനുള്ള രേഖ പ്രവാസി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്ന വ്യവസ്ഥയുണ്െടങ്കില്‍ നന്നായിരിക്കും എന്നീ ശിപാര്‍ശകളും കമ്മീഷന്‍ മന്നോട്ടു വച്ചിരുന്നു. എന്നാല്‍, ബാലറ്റ് പേപ്പറിനായി അപേക്ഷ നല്‍കുന്ന പ്രവാസിയുടെ ആധികാരികത പരിശോധിക്കാന്‍ നിലവില്‍ മാര്‍ഗങ്ങളില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിനിധി വോട്ട് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ടയാളെ മജിസ്ട്രേറ്റ് അല്ലെങ്കില്‍ നോട്ടറി മുമ്പാകെ അധികാരപ്പെടുത്തണം. തെരഞ്ഞെടുപ്പു കാലത്തല്ലെങ്കിലും പ്രവാസിക്ക് അധികാരപ്പെടുത്തുന്ന രേഖ പ്രതിനിധിക്ക് എപ്പോള്‍ വേണമെങ്കിലും നല്‍കാം. ഒരിക്കല്‍ അധികാരപ്പെടുത്തിയാല്‍ അത് റദ്ദാക്കുന്നതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രതിനിധിക്ക് പ്രവാസിയുടെ വോട്ട് ചെയ്യാവുന്നതാണ്.

ഇ-തപാല്‍ വോട്ട്, പ്രതിനിധി വോട്ട് എന്നിവ ആദ്യം ഏതാനും അസംബ്ളി മണ്ഡലങ്ങളിലും പിന്നീട് ഏതെങ്കിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി പ്രശ്നമില്ലെന്ന് ഉറപ്പാക്കിയ ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് വ്യാപിപ്പിച്ചാല്‍ മതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു. ഇതിനു പ്രവാസി ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നു കണ്െടത്താന്‍ മാര്‍ഗമില്ലെന്ന വാദഗതിയും ചില വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.