മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി
Wednesday, April 29, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂകമ്പത്തില്‍പ്പെട്ടു മരിച്ച മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇരുവരുടെയും മരണ വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണു സ്ഥിരീകരിച്ചത്.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടം നടത്തിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കാനാകൂ. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്റെ ഇപെടലിനെത്തുടര്‍ന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചത്.

മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മൃതദേഹം എപ്പോള്‍ നാട്ടിലെത്തിക്കാനാകുമെന്നു കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച രണ്ടു ഡോക്ടര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോ. അബിന്‍ സൂരിയെ ഇന്നലെ രാത്രി ഒമ്പതരയോടെ ഡല്‍ഹിയിലെത്തിക്കുമെന്നാണു മന്ത്രി കെ.സി ജോസഫ് നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍, അര്‍ധരാത്രി നേപ്പാളില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ മാത്രമേ അദ്ദേഹത്തെ അയയ്ക്കുകയുള്ളുവെന്നാണു കാഠ്മണ്ഡുവില്‍ നിന്നു വിവരം ലഭിച്ചതെന്ന് അബിന്റെ ബന്ധുക്കള്‍ അറിയിച്ചു. അബിന്‍ സൂരിയെ ഇന്ത്യന്‍ എംബസി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും നിരാശാജനകവുമാണെന്നും ഇന്നലെ മന്ത്രി കെ.സി ജോസഫ് ഡല്‍ഹിയില്‍ പത്രസമ്മേനത്തില്‍ വ്യക്തമാക്കിയിരുന്നു.


ത്രിഭുവന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു തവണ ഡയാലിസിസ് നടത്തി. ഡല്‍ഹിയിലെത്തിച്ചാല്‍ ഉടന്‍ അബിനിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണു നടപടി. 1980 പേരാണു റോഡ് മാര്‍ഗം ഇന്ത്യയില്‍ ഇന്നലെ എത്തിയത്.

ഗോരഖ്പൂരിലേക്കാണ് റോഡ് മാര്‍ഗം പ്രധാനമായും എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെനിന്നു നാട്ടിലേക്കു പോകുന്നതിനു ട്രെയിനുകളില്‍ കൂടുതല്‍ ബോഗികള്‍ സജ്ജമാക്കിയിട്ടുണ്െടന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എവറസ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ 200 പര്‍വതാരോഹകരെയും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഭൂകമ്പത്തെത്തുടര്‍ന്ന് നേപ്പാളിലുള്ള മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നലെയും തുടരുകയാണ്. ഇതുവരെ 2865 പേരെ രക്ഷപ്പെടുത്താനായെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.

വ്യോമസേനയുടെ വിമാനത്തില്‍ 126 പേരെയും ഇന്‍ഡിഗോയുടെ വിമാനത്തില്‍ 186 പേരെയുമാണ് ഇന്നലെ ഡല്‍ഹിയിലെത്തിച്ചത്. നാല് വിമാനങ്ങളാണ് ഇന്നലെ സര്‍വീസ് നടത്താന്‍ ആലോചിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ കാരണം വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ സാധിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.