കര്‍ഷകരുടെ കണ്ണീരൊപ്പി രാഹുല്‍ പഞ്ചാബില്‍
കര്‍ഷകരുടെ കണ്ണീരൊപ്പി രാഹുല്‍ പഞ്ചാബില്‍
Wednesday, April 29, 2015 12:26 AM IST
അംബാല: ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി ലോക്സഭയില്‍ കാഴ്ചവച്ച ശക്തമായ പോരാട്ടത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി തുടര്‍സമരങ്ങളിലേക്കു പ്രവേശിക്കുന്നു. ഗ്രാമങ്ങളിലെത്തി കര്‍ഷകരെ നേരില്‍ക്കണ്ടു പ്രശ്നങ്ങള്‍ മനസിലാക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമാണു രാഹുലിന്റെ നീക്കം. തുടക്കം എന്‍ഡിഎ ഭരണത്തിലുള്ള പഞ്ചാബില്‍ നിന്നാണ്. കര്‍ഷകരെ നേരില്‍ക്കാണാന്‍ ഇന്നലെ അപ്രതീക്ഷിതമായി രാഹുല്‍ പഞ്ചാബിലെ കര്‍ഷകഗ്രാമത്തിലെത്തുകയായിരുന്നു. കാലംതെറ്റിയുള്ള മഴയെത്തുടര്‍ന്നു കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയായിരുന്നു രാഹുല്‍. അംബാലയിലെ പ്രസിദ്ധമായ ഖന്ന ഗ്രെയിന്‍ മാര്‍ക്കറ്റിലെത്തിയ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് കര്‍ഷകരുടെ പരാതികള്‍ കേട്ടു.

ഡല്‍ഹിയില്‍നിന്നു സച്ഖണ്ഡ് എക്സ്പ്രസിന്റെ സാധാരണ കോച്ചില്‍ അംബാലയില്‍ വന്നിറങ്ങിയ രാഹുല്‍ അവിടെനിന്നു ഖന്ന ഗ്രെയിന്‍ മാര്‍ക്കറ്റിലേക്ക് എത്തുകയായിരുന്നു. സജീവരാഷ്ട്രീയത്തില്‍നിന്നു രണ്ടുമാസത്തോളം അവധിയെടുത്തശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരേ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

പഞ്ചാബിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേട്ടറിഞ്ഞതിനാലാണ് അവരെ നേരില്‍ക്കാണാന്‍ തീരുമാനിച്ചതെന്നു യാത്ര പുറപ്പെടുംമുമ്പു രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തിനു ഭക്ഷണം തരുന്ന ഈ കര്‍ഷകരെക്കുറിച്ചു പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഷക്കീല്‍ അഹമ്മദ് എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

പഞ്ചാബില്‍നിന്നു മഹാരാഷ്ട്രയിലേക്കാണു രാഹുല്‍ എത്തുന്നത്. നാളെ വിദര്‍ഭയിലെ അമരാവതിയില്‍ പദയാത്ര നടത്താനും രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ രാഹുല്‍ നാഗ്പൂരിലെത്തും. നാളെ ഏകദിന പദയാത്രയില്‍ അദ്ദേഹം പങ്കെടുക്കുമെന്നു എംപിസിസി പ്രസിഡന്റ് അശോക് ചവാന്‍ സ്ഥിരീകരിച്ചു. വിദര്‍ഭയിലെ അമരാവതിയില്‍ ഈവര്‍ഷം ഇതുവരെ 295 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. 175 കിലോമീറ്ററോളം വരുന്ന മേഖലയില്‍ 14 കിലോമീറ്ററോളം രാഹുല്‍ കാല്‍നടയായി സഞ്ചരിക്കുമെന്നാണു സൂചന.

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി അടുത്തമാസം ഹൈദരാബാദിലെത്തിയേക്കുമെന്നും സൂചനയുണ്ട്. മേയ് രണ്ടാംവാരമോ മൂന്നാംവാരമോ അദ്ദേഹം എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് തെലുങ്കാന കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മല്ലു ഭാട്ടി വിക്രമര്‍ക അറിയിച്ചു. സന്ദര്‍ശനവേളയില്‍ പദയാത്ര നടത്താന്‍ സാധ്യതയുണ്െടന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.