ഇ-മെയിലും വിലാസവും പ്രസിദ്ധപ്പെടുത്തിയതില്‍ ട്രായിക്കെതിരേ വിമര്‍ശനം
Tuesday, April 28, 2015 12:23 AM IST
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷതയെക്കുറിച്ചുള്ള അഭിപ്രായം നല്‍കിയ വ്യക്തികളുടെ ഇ-മെയിലുകളും, മേല്‍വിലാസങ്ങളും മറ്റുവിശദാംശങ്ങളും പരസ്യപ്പെടുത്തിയതിനെതിരേ വിമര്‍ശനത്തിന്റെ പെരുമഴ. പത്തുലക്ഷത്തിലേറെ ആളുകളാണു ട്രായ് അഭ്യര്‍ഥിച്ചതനുസരിച്ചു തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മെയില്‍ ചെയ്തത്.

രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ പുറത്താക്കിയതു ട്രായ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിന്റെ വ്യക്തമായ തെളിവാണെന്നു ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പതിനായിരക്കണക്കിനാളുകള്‍ ആക്ഷേപിച്ചു. ജനങ്ങളുടെ സ്വകാര്യതയിന്മേലുള്ള ആക്രമണമെന്നാണ് ആയിരങ്ങള്‍ ഇന്നലെ പ്രതികരിച്ചത്.

ഇന്റര്‍നെറ്റ് സര്‍വീസിന്റെ നിഷ്പക്ഷത തകര്‍ക്കുന്ന നീക്കത്തിനെതിരേ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രായ് ജനങ്ങളുടെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസം 27ന് ആരംഭിച്ച പരിപാടിയില്‍ ഈമാസം 24വരെയായിരുന്നു അഭിപ്രായം രേഖപ്പെടുത്താമായിരുന്നത്. പത്തുലക്ഷത്തിലേറെപ്പേര്‍ അഭിപ്രായങ്ങള്‍ അയച്ചുകൊടുത്തു. അഭിപ്രായങ്ങളെല്ലാം ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.


അഭിപ്രായങ്ങളുടെയും പരാതികളുടെയും വ്യാപ്തികാരണം സൈറ്റ്പ്രവര്‍ത്തനം തടസപ്പെട്ടു. തുടര്‍ന്നു ഇവയെ തരംതിരിച്ചു. സേവനദാതാക്കള്‍, സേവനദാതാക്കളുടെ സംഘടനകള്‍, മറ്റുള്ളവര്‍ എന്നിങ്ങനെ വിഭജിച്ചാണ് വിവരങ്ങള്‍ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത്.

ട്രായ് സാറന്മാരേ, നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍! രഹസ്യമായി നിങ്ങളോട് അഭിപ്രായം അറിയിച്ച എല്ലാവരുടേയും ഇ-മെയില്‍ വിലാസം വള്ളിപുള്ളി വ്യത്യാസമില്ലാതെ പ്രസിദ്ധപ്പെടുത്തിയല്ലോ. ഇപ്പോള്‍ മനസിലായി, നിങ്ങള്‍ എങ്ങനെയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതെന്ന്!- സംഗ്വി എന്നയാളുടെ ട്വിറ്റ്. ഇത്തരത്തില്‍ പതിനായിരങ്ങള്‍ പുച്ഛിച്ചും കളിയാക്കിയും ദേഷ്യപ്പെട്ടും വിമര്‍ശനം നടത്തിയിട്ടുണ്ട.്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.