നേപ്പാളില്‍ മൂന്നു ലക്ഷം വിദേശ ടൂറിസ്റുകള്‍
നേപ്പാളില്‍ മൂന്നു ലക്ഷം വിദേശ ടൂറിസ്റുകള്‍
Sunday, April 26, 2015 12:06 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഭൂകമ്പം നാശംവിതച്ച നേപ്പാളില്‍ മൂന്നു ലക്ഷം വിദേശ ടൂറിസ്റുകള്‍. മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിലുള്‍പ്പെടും. എവറസ്റ് കൊടുമുടി കയറാനെത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

കാഠ്മണ്ഡുവില്‍ കുടുങ്ങിയവരെ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ മാത്രം കുടുങ്ങിയിട്ടുണ്െടന്നാണു പ്രാഥമിക വിവരം. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയിലെയും നേപ്പാളിലെയും ഭൂചലന ബാധിത പ്രദേശങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഹായമെത്തിക്കുമെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കി. നേപ്പാളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ഭൂകമ്പത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഇന്നലെ ഉച്ചകഴിഞ്ഞു പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ മോദിയുമായി ചര്‍ച്ച നടത്തി. ഭൂകമ്പ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുമായും പ്രസിഡന്റ് റാം ബരണ്‍ യാദവുമായും മോദി ഫോണില്‍ സംസാരിച്ചു. ഭൂകമ്പ കെടുതികള്‍ നേരിടുന്നതിനും ദുരിതാശ്വാസത്തിനും ഇന്ത്യയുടെ എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവരും ദുരിതബാധിരോടു പൂര്‍ണ ഐക്യദാര്‍ഢ്യം അറിയിച്ചു. ബിഹാര്‍, യുപി, ബംഗാള്‍ ഗവര്‍ണമാര്‍ക്കു രാഷ്ട്രപതി സന്ദേശവും അയച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സി-130 സൂപ്പല്‍ ഹെര്‍ക്കുലീസ് വിമാനം ദുരന്തനിവാരണ സേനാംഗങ്ങളുമായി ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസില്‍നിന്നു ഇന്നലെ വൈകുന്നേരം നേപ്പാളിലെത്തി. മറ്റൊരു യാത്രാവിമാനവും ദുരന്തനിവാരണ സേനാംഗങ്ങളുമായി നേപ്പാളിലേക്കു പറന്നു. അതിവേഗം മെഡിക്കല്‍ സഹായമെത്തിക്കുന്നതിനായി റാപ്പിഡ് റിയാക്ഷന്‍ ഏറോ മെഡിക്കല്‍ ടീം ഡോക്ടര്‍മാരടക്കം 40 പേരുമായി നേപ്പാളിലേക്കയച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 ഗ്ളോബ്മാസ്റര്‍ വിമാനത്തിലാണു മെഡിക്കല്‍ സംഘത്തെ അയച്ചത്. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ നേപ്പാളിലെ മലയിടുക്കുകളില്‍ തെരച്ചിലിനായും നിയോഗിച്ചിട്ടുണ്ട്.


റെഡ് ക്രോസ്, കത്തോലിക്കാ സഭയുടെ കീഴിലുള്ള കാരിത്താസ് എന്നിവ അടക്കമുള്ള സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യവും പോലീസും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്നലെ കാഠ്മണ്ഡു വിമാനത്താവളം അടച്ചതിനെ തുടര്‍ന്നു അവിടേക്കുള്ള വിദേശ വിമാനങ്ങള്‍ അടക്കമുള്ളവ ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. നേപ്പാളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിരുന്നു. എന്നാല്‍ വ്യോമസേനാ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യ അയച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് നേപ്പാള്‍ കരസേനാ മേധാവിയുമായി പലതവണ സംസാരിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. നേപ്പാള്‍ ആവശ്യപ്പെടുന്ന എല്ലാ സഹായവും ഇന്ത്യ നല്‍കുമെന്നു മന്ത്രി പരീക്കര്‍ പറഞ്ഞു.

ബിഹാറില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. നേപ്പാളിലെ ഇന്ത്യന്‍ എംബസിയിലെ മരിച്ചവരില്‍ ഒരു ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ കുടുംബാംഗവുമുള്ളതായി സൂചനയുണ്ട്. എംബസിയുടെ പഴയ മതില്‍ ഇടിഞ്ഞുവീണു.

കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി

ന്യൂഡല്‍ഹി: നേപ്പാളിലെയും ഉത്തരേന്ത്യയിലും ഭൂകമ്പത്തില്‍ പെട്ടവരെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാഠ്മണ്ഡുവിലും ന്യൂഡല്‍ഹിയിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വിവരം നല്‍കുന്നതിനായി ഹെല്‍പ്ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍: 00977-985-110-7021, +977-985-113-5141. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍- 011-23012113, 2301104, 23017905. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 011- 26701728, 26701729. മൊബൈല്‍- 0091-9868881801.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.