അധികാര വികേന്ദ്രീകരണം: ദേശീയ പുരസ്കാരം കേരളത്തിന്
Saturday, April 25, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം കേരളത്തിന്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ടാറ്റ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുഖേനെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ തെരഞ്ഞെടുത്തത്. ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്നും സംസ്ഥാന പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഇതോടൊപ്പം വിവിധ പഞ്ചായത്തുകള്‍ക്കുള്ള പഞ്ചായത്ത് ശാക്തീകരണ പുരസ്ക്കാരം കൊല്ലം ജില്ലാ പഞ്ചായത്തിനും, ഇടുക്കി, വെളിയനാട് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും നാദാപുരം, മരങ്ങാട്ടുപിള്ളി, കവിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ലഭിച്ചു. ഇതു കൂടാതെ, രാഷ്ട്രീയ ഗൌരവ ഗ്രാമസഭാ പുരസ്കാരത്തിന് എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തു. പുരസ്കാരത്തിനു പുറമേ ജില്ലാ പഞ്ചായത്തിന് 30 ലക്ഷം രൂപയും ബ്ളോക്ക് പഞ്ചായത്തിന് 20 ലക്ഷം രൂപ വീതവും ഗ്രാമ പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതവും ലഭിക്കും. മണീട് ഗ്രാമപഞ്ചായത്തിന് 10 ലക്ഷം രൂപ ലഭിക്കും.


അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരെ പരിചരിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം സന്നദ്ധ ഭടന്മാരുടെ സേവന സംഘമായ വീ കെയര്‍ കോപ്സ് രൂപീകരിക്കാനുള്ള പദ്ധതി ഉടനാരംഭിക്കുമെന്ന് എം.കെ. മുനീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേയ് 15, 16, 17 തീയതികളില്‍ കോവളത്തു വച്ച് ജനാധിപത്യ ശാക്തീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാം അന്തര്‍ദേശീയ സമ്മേളനത്തിലേക്കു പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.