ആന്ധ്രയില്‍നിന്നു രണ്ടാമത്തെ ജനറല്‍ സെക്രട്ടറി
ആന്ധ്രയില്‍നിന്നു രണ്ടാമത്തെ ജനറല്‍ സെക്രട്ടറി
Monday, April 20, 2015 12:30 AM IST
വിശാഖപട്ടണം: രാജ്യസഭയിലെ സിപിഎം കക്ഷി നേതാവായ പാര്‍ട്ടിയിലെ ചിരിക്കുന്ന മുഖമായാണു സീതാറാം യെച്ചൂരിയെ ദേശീയ രാഷ്ട്രീയം അറിയുന്നത്. പി. സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍നിന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി.

മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പല നിലപാടുകളിലും വിയോജിച്ചു ദേശീയ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചും ബദല്‍ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിനെ ചില ഘട്ടങ്ങളില്‍ വട്ടംചുറ്റിച്ച ആളായ യെച്ചൂരി തന്നെ പാര്‍ട്ടി അമരത്തെത്തുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്.

സര്‍വേശ്വര സോമയാജലുവിന്റെയും കല്‍പ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലായിരുന്നു ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റീഫന്‍സ് കോളജില്‍നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്നും ഇക്കണോമിക്സില്‍ മാസ്റര്‍ ബിരുദവും നേടി.


1974ല്‍ എസ്എഫ്ഐയിലൂടെയാണു യെച്ചൂരിയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്. തുടര്‍ന്നു ജെഎന്‍യുവില്‍ എത്തി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റിലായ യെച്ചൂരി പിന്നീടു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി. ഇതിനിടെ നടത്തിയ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മൂന്നു തവണ ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ യെച്ചൂരി അതേ വര്‍ഷം തന്നെ എസ്എഫ്ഐ ദേശീയ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.

പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററായ യെച്ചൂരി ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ‘ആഗോളവത്കരണ കാലത്തെ സോഷ്യലിസം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.