റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഇടപെടണമെന്നു സുധീരന്‍ സോണിയയോട്
റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഇടപെടണമെന്നു സുധീരന്‍ സോണിയയോട്
Monday, April 20, 2015 12:30 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍മൂലം അതിഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി അടിയന്തരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയോടും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കര്‍ഷകറാലിക്കെത്തിയ കേരളസംഘം ഇന്നലെ ജന്‍പഥിലുള്ള വസതിയിലെത്തി ഇരുവരെയും സന്ദര്‍ശിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വിലത്തകര്‍ച്ചമൂലം പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. ഇതു കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായാണു ബാധിക്കുന്നതെന്നും സംഘം ചൂണ്ടിക്കാട്ടി. ഭുമി ഏറ്റെടുക്കല്‍ നിയമഭേദഗതി നീക്കം ഉപേക്ഷിക്കുക, മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയുക, മരുന്നിന്റെ വിലനിയന്ത്രണ അധികാരം പുനഃസ്ഥാപിക്കുക, അന്താരാഷ്ട്ര ഇന്ധനവിലയ്ക്ക് ആനുപാതികമായി ഇന്ത്യയിലും ഇന്ധനവില കുറയ്ക്കുക, വിലക്കയറ്റം തടയുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, വിമാനത്താവള വികസനത്തില്‍ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ തൊഴില്‍ നിയമഭേദഗതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരളത്തില്‍ നടത്തിയ സമരങ്ങളെക്കുറിച്ചും മേയ് അഞ്ചിനു കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കു പഞ്ചായത്ത് തലത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ചും പ്രതിനിധികള്‍ സോണിയഗാന്ധിയെ അറിയിച്ചു.


കെപിസിസി പ്രസിഡന്റിന് പുറമേ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എം.കെ.രാഘവന്‍, ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍. ജയപ്രകാശ്, ബി. ബാബു പ്രസാദ്, സജീവ് ജോസഫ്, എം. ലിജു, കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെപിസിസി സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, ടി.എം. സക്കീര്‍ ഹുസൈന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജെ. ഷിഹാബുദ്ദീന്‍, ജെബി മേത്തര്‍, എന്‍എസ്യു ദേശീയ സെക്രട്ടറി എസ്. ശരത്, കൃഷ്ണകുമാര്‍, ദിവാകരന്‍ കാണത്ത്, ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളായ കെ.എന്‍. ജയരാജ്, അജയ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ സിബി മോനിപ്പള്ളി, സാമുവല്‍ കിഴക്കുളം, ജോര്‍ജ് ജേക്കബ്, എടത്വ രാജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.