കോണ്‍ഗ്രസിന്റെ കര്‍ഷക റാലി ഇന്ന്: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി അനുവദിക്കില്ലെന്നു രാഹുല്‍
കോണ്‍ഗ്രസിന്റെ കര്‍ഷക റാലി ഇന്ന്: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി അനുവദിക്കില്ലെന്നു രാഹുല്‍
Sunday, April 19, 2015 10:48 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം ഉന്നയിച്ചു കേന്ദ്രസര്‍ക്കാരിനെതിരേ ഇന്നു ന ടത്തുന്ന കര്‍ഷകറാലിക്കു മുന്നോടിയായി കര്‍ഷകരുമായും കര്‍ഷക സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണു രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഇന്നു രാംലീല മൈതാനില്‍ നടക്കുന്ന കര്‍ഷക റാലിയോടു അനുബന്ധിച്ചു പൊതുജന സമ്പര്‍ക്കത്തിനായി സമീന്‍ (ഭൂമി) വാപസി.കോം എന്ന പേരില്‍ വെബ്സൈറ്റും കോണ്‍ഗ്രസ് പുറത്തിറക്കി.

57 ദിവസത്തെ അവധിക്കുശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ സംഘടനാ പരിപാടിയായിരുന്നു കര്‍ഷകരുമായുള്ള ഇന്നലത്തെ ചര്‍ച്ച.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളുമായാണു രാഹുല്‍ ചര്‍ച്ച നടത്തിയത്. തുഗ്ളക് ലെയിനിലുള്ള തന്റെ വസതിയില്‍ പ്രതിനിധികള്‍ക്ക് അഭിമുഖമായി ഇരുന്നു രാഹുല്‍ കര്‍ഷകരുടെ ആവലാതികള്‍ കേട്ടു. കനത്ത മഴയെത്തുടര്‍ന്നു കൃഷിനാശം സംഭവിച്ചത് അടക്കമുള്ള ദുരിതങ്ങള്‍ കര്‍ഷകര്‍ രാഹുലിനെ അറിയിച്ചു.

കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്കു മതിയായ നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്നും രാഹുല്‍ അവര്‍ക്ക് ഉറപ്പു നല്‍കി. കോണ്‍ഗ്രസ് എന്നും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പം നിന്ന പാര്‍ട്ടിയാണെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ബാരിക്കേഡിന് അടുത്തെത്തി രാഹുല്‍, അവിടെ നിന്നവരുമായി ആശയവിനിമയം നടത്തിയതിനു ശേഷമാണു പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തനിക്ക് ഹസ്തദാനം നല്‍കാന്‍ ശ്രമിച്ച ആരെയും അദ്ദേഹം നിരാശരാക്കിയില്ല. ദുരിതങ്ങള്‍ പറഞ്ഞവരെയൊക്കെ തോളില്‍തട്ടി ആശ്വസിപ്പിച്ചു. അര മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ചശേഷമാണു രാഹുല്‍ കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരേ നിലകൊള്ളുമെന്നും രാഹുല്‍ കര്‍ഷകരോടു പറഞ്ഞു. അവധി കഴിഞ്ഞു തിരിച്ചെത്തിയ രാഹുല്‍ ഇതാദ്യമായാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയില്ല.


പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കേയാണ് സര്‍ക്കാരിനു മുന്നറിയിപ്പും കോണ്‍ഗ്രസിന്റെ ശക്തിപ്രകടനവുമായി കര്‍ഷകറാലി സംഘടിപ്പിച്ചിരിക്കുന്നത്. രാംലീല മൈതാനില്‍ ഒരു ലക്ഷം കര്‍ഷകരെ അണിനിരത്തുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

രാഹുല്‍ ഗാന്ധിയുടെ അവധിയില്‍ പോക്ക് വലിയ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തില്‍ രാംലീല പ്രക്ഷോഭം അതിനൊരു മറുപടിയാക്കുന്നതിനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സമീന്‍ വാപസി എന്ന പേരില്‍ പൊതുജന സമ്പര്‍ക്കത്തിനായി പുതിയ വെബ്സൈറ്റ് പുറത്തിറക്കിയതും.എ.കെ. ആന്റണിയും ദിഗ്വിജയ് സിംഗും ചേര്‍ന്നാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.