കാവേരി പ്രശ്നം: കര്‍ണാടകയില്‍ ഇന്നു ബന്ദ്
Saturday, April 18, 2015 12:09 AM IST
ബംഗളൂരു: കാവേരി നദിക്കു കുറുകെ മേക്കദാത്തുവില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താനായി കന്നഡ സംഘടനകള്‍ ഇന്നു ബന്ദ് നടത്തും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ബന്ദ്. കര്‍ണാടകയിലെ അറുന്നൂറോളം പ്രാദേശിക സംഘടനകള്‍ 'കന്നഡ ഒക്കൂട്ട' എന്ന പേരില്‍ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

ബന്ദാഹ്വാനത്തെത്തുടര്‍ന്നു സംസ്ഥാനത്തെ ഹോട്ടലുകളും മാളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഇന്ന് അടച്ചിടും. അതേസമയം, ശനിയാഴ്ച അവധിയായതിനാല്‍ ഐടി സ്ഥാപനങ്ങളെ ബന്ദ് കാര്യമായി ബാധിക്കില്ല. പെട്രോള്‍ ബങ്ക് ഓണേഴ്സ് അസോസിയേഷനും ലോയേഴ്സ് അസോസിയേഷനും വിവിധ സര്‍ക്കാര്‍ സംഘടനകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. ഡോ.രാജ്കുമാര്‍ ഫാന്‍സ് അസോസിയേഷന്‍, കര്‍ണാടക രക്ഷണ വേദികെ, കന്നഡ സാഹിത്യ പരിഷത് തുടങ്ങിയ സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല. കര്‍ണാടക ആര്‍ടിസി, ബിഎംടിസി എന്നിവയും സര്‍വീസ് നടത്തിയേക്കില്ല. കന്നഡ സിനിമാ മേഖലയും സ്തംഭിക്കും. അതേസമയം, പാല്‍, പത്രം, ആംബുലന്‍സ്, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ അവശ്യ സേവനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കി.


വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിനു ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍നിന്നു ടൌണ്‍ ഹാളിലേക്കു പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. മേക്കെദാത്തു പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ കനത്ത സുരക്ഷയാണു പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബന്ദിന്റെ മറവില്‍ ക്രമസമാധാനനില തകര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി അറിയിച്ചു. 30 പ്ളാറ്റൂണ്‍ കര്‍ണാടക സ്റേറ്റ് റിസര്‍വ് പോലീസ് സേനയെയും 30 കമ്പനി സായുധ പോലീസ് സേനയെയുമാണു നഗരത്തി ലെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. എല്ലാ ധര്‍ണകളും പ്രതിഷേധ പ്രകടനങ്ങളും വീഡിയോയില്‍ പകര്‍ത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.