കര്‍ഷക നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്
കര്‍ഷക നേതാക്കളുമായി രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്
Saturday, April 18, 2015 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന വന്‍ കര്‍ഷക റാലിക്കു മുന്നോടിയായി കര്‍ഷക സംഘടന നേതാക്കളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. അവധി കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ സംഘടന പരിപാടിയാവും ഇത്. കര്‍ഷക റാലിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗും മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

വന്‍കിട മുതലാളിമാര്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ രാംലീല മൈതാനത്തു വന്‍ റാലിയാണു സംഘടിപ്പിച്ചിരിക്കുന്നത്. 58 ദിവസത്തെ അവധിക്കുശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയതിനെ തുടര്‍ന്ന് നടക്കുന്ന രാഷ്ട്രീയ പരിപാടിയായതിനാല്‍ റാലി വലിയ പ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ക്രമീകരണങ്ങള്‍ നടത്തുന്നത്. ഞായറാഴ്ച നടക്കുന്ന കര്‍ഷക റാലിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നു പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണി വ്യക്തമാക്കി.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കും. റാലി വിജയിപ്പിക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ഷക സംഘടന നേതാക്കളുമായി ഇന്നലെ നടക്കാനിരുന്ന കൂടിയാലോചന യോഗമാണ് ഇന്നത്തേക്കു മാറ്റിയതെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ നിഷേധിച്ചു. കര്‍ഷക സംഘടനകളുമായുള്ള യോഗം നിശ്ചയിച്ചത് ഇന്നത്തേക്കാണ്. കര്‍ഷക റാലിയുടെ ക്രമീകരണങ്ങള്‍ക്കായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ ഇന്നലെ യോഗം ചേര്‍ന്നെന്നും അതില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ട കാര്യമില്ലെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.