സോണിയയ്ക്കെതിരേ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം
Thursday, April 2, 2015 1:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കെതിരേ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ വംശീയ അധിക്ഷേപത്തിനെതിരേ വ്യാപക പ്രതിഷേധം. സോണിയഗാന്ധിക്കു വെളുത്ത നിറമുള്ളതു കൊണ്ടാണു കോണ്‍ഗ്രസിന്റെ അധ്യക്ഷയാക്കിയത്. രാജീവ് ഗാന്ധി വിവാഹം കഴിച്ചത് നൈജീരിയക്കാരിയായ ഒരു കറുത്ത വര്‍ഗക്കാരിയെ ആയിരുന്നെങ്കില്‍ അവരെ കോണ്‍ഗ്രസ് അധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നുമായിരുന്നു കേന്ദ്ര ചെറുകിട വ്യവസായ സഹമന്ത്രി ഗിരിരാജ് സിംഗിന്റെ ചോദ്യം. ബിജെപിയുടെ മനസ് ഇതോടെ വെളിപ്പെട്ടു എന്നായിരുന്നു പ്രസ്താവനയോടു കോണ്‍ഗ്രസ് പ്രതികരിച്ചത്.

ബീഹാറില്‍ നടന്ന ഒരു ബിജെപി യോഗത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അവധിയില്‍ പോയതിനെ മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തോടാണു ഗിരിരാജ് സിംഗ് ഉപമിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശാസിച്ചു. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നു സിംഗിനോട് നിര്‍ദേശം നല്‍കിയതായാണു വിവരം.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഇന്ത്യയിലെ നൈജീരിയന്‍ ഹൈക്കമ്മീഷണര്‍ ഒ.ബി. ഓകോങ്കര്‍ പ്രതികരിച്ചു. മന്ത്രിയെന്നത് സര്‍ക്കാരിന്റെ ഉന്നത തലത്തിലുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയി. ഇന്ത്യയും നൈജീരിയയും തമ്മില്‍ വളരെ അടുത്തു ബന്ധമാണുള്ളതെന്നും ഒരു ഇന്ത്യന്‍ മന്ത്രിയില്‍നിന്നും ഇത്തരത്തിലുള്ള വംശീയ പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വംശീയ അധിക്ഷേപം നടത്തിയ മന്ത്രിയെ അറസ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ സദാചാര ബോധമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. നരേന്ദ്ര മോദിയ തുടര്‍ച്ചയായി പ്രീണിപ്പിച്ചും പുകഴ്ത്തിയും ഗിരിരാജ് സിംഗിന്റെ നില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തണമെന്നു കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍. സിംഗ് പറഞ്ഞു. മോദി ഇക്കാര്യങ്ങളെല്ലാം മൌനം പാലിച്ചു വീക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇതേസമയം, പ്രസ്താവന വിവാദമായതോടെ വാര്‍ത്താസമ്മേളനത്തിനുശേഷം അനൌപചാരിക സംഭാഷണത്തിനിടെയാണു താന്‍ ഇക്കാര്യം പറഞ്ഞതെന്നു വ്യക്തമാക്കി ഗിരിരാജ് സിംഗ് രംഗത്തെത്തി. തന്റെ വാക്കുകള്‍ സോണിയഗാന്ധിയെയും മകന്‍ രാഹുല്‍ഗാന്ധിയെയും വേദനിപ്പിച്ചിട്ടുണ്െടങ്കില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവനയില്‍ സ്ത്രീവിരുദ്ധമായി എന്തെങ്കിലുമുള്ളതായി കരുതുന്നില്ലെന്നും അത്തരം ഉദ്ദേശങ്ങളില്ലായിരുന്നെന്നും ഗിരിരാജ് സിംഗ് വിശദീകരിച്ചു.

ഗിരിരാജ് സിംഗിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസിനു പിന്നാലെ ഇടതുപാര്‍ട്ടികളും കിരണ്‍ ബേദിയും രംഗത്തെത്തി. ഗിരിരാജ് സിംഗിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും എല്ലാക്കാര്യങ്ങളിലും പ്രധാനമന്ത്രിക്കു പ്രതികരിക്കാനാവില്ലെന്നും പറഞ്ഞ കിരണ്‍ബേദി ഇക്കാര്യം ബിജെപിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പറഞ്ഞു. ഗിരിരാജ് സിംഗ് തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ആളാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൌനം ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ തെളിവാണെന്നും സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു.

2014 തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്കു പോകണമെന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവന ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണു ഭീകരാക്രമണ കേസുകളില്‍ അറസ്റ്റിലാകുന്നവരെല്ലാം ഒരു പ്രത്യേക സമുദായത്തില്‍ നിന്നാണെന്നു ഗിരിരാജ് സിംഗ് പറഞ്ഞത്.

ഗോവയില്‍ സമരം നടത്തുന്ന നഴ്സുമാരെക്കുറിച്ചു ഗോവയിലെ ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറുടെ വിവാദ പരാമര്‍ശത്തിനു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷയ്ക്കെതിരേ വംശീയ അധിക്ഷേപവുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയത്. സൂര്യനു കീഴെനിന്നു സമരം ചെയ്താല്‍ നഴ്സുമാര്‍ കറുത്തു പോകുമെന്നും അതോടെ വിവാഹാലോചനകള്‍ മുടങ്ങുമെന്നുമായിരുന്നു പര്‍സേക്കറുടെ പരാമര്‍ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.