യുജിസി പിരിച്ചുവിടാന്‍ ശിപാര്‍ശ
Thursday, April 2, 2015 1:32 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) പിരിച്ചു വിടണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ കമ്മിറ്റി റിപ്പോര്‍ട്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി നിയോഗിച്ച, മുന്‍ യുജിസി ചെയര്‍മാന്‍ ഹരി ഗൌതം ചെയര്‍മാനായ പരിശോധനാ സമിതിയാണു ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട യുജിസി പിരിച്ചു വിടണമെന്ന ശിപാര്‍ശയോടെ റിപ്പോര്‍ട്ടു നല്‍കിയത്. യുജിസിയെ ഏതെങ്കിലും തരത്തില്‍ പുനര്‍നിര്‍മിച്ചു നിലനിര്‍ത്താന്‍ ശ്രമിക്കുന്നതു നിഷ്ഫലമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സമിതിയുടെ റിപ്പോര്‍ട്ടു പരിഗണിച്ചു യുജിസിയില്‍ അടിമുടി അഴിച്ചുപണി ഉണ്ടാകുമെന്നാണു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന യുജിസി നിലവില്‍ വെറും പണം പാഴാക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമാണെന്നാണു പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്. ജീവനക്കാര്‍ക്കു യോഗയും ധ്യാനവും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൂടിയുള്ള റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഗണനയ്ക്കെടുത്തു ശിപാര്‍ശ ചെയ്തിരിക്കുന്ന മാറ്റങ്ങള്‍ നടപ്പാക്കുമെന്നു തന്നെയാണു വിവരം.

യുജിസിക്കു പകരം ഒരു ദേശീയ ഉന്നത വിദ്യാഭ്യാസ അഥോറിറ്റി രൂപീകരിക്കണമെന്നും ഇതിനായുള്ള കരടു ബില്‍ തയാറാക്കിയിട്ടുണ്െടന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുജിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കഴിഞ്ഞ ജൂലൈയിലാണു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സമിതിയെ നിയോഗിച്ചത്.

കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനു പുറമേ ഉയര്‍ന്നു വരുന്ന വിവിധ സങ്കീര്‍ണതകളെ നേരിടാന്‍ യുജിസി പര്യാപ്തമല്ലെന്നും രണ്ടു വാല്യങ്ങളുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ രംഗത്തു മെച്ചപ്പെട്ട നിലവാരം ഉറപ്പു വരുത്തുന്നതില്‍ യുജിസി പരാജയപ്പെട്ടു. യുജിസിയില്‍ അടിമുടി പക്ഷപാതപരമായ നിലപാടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുജിസി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ കച്ചവടക്കാര്‍ വരെ ഇതില്‍ അംഗങ്ങളായിട്ടുണ്െടന്നു കുറ്റപ്പെടുത്തുന്നു. യുജിസി ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങളിലെ വിടവുകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.


യുജിസി ചെയര്‍പേഴ്സന്‍ സംസ്ഥാന യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നില്ലെന്നും ഓഫീസ് മുറിയില്‍ കസേരയിലിരുന്നുള്ള ഭരണം മാത്രമാണു നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. യുജിസിയുടെ പ്രാദേശി ഓഫീസുകളും കണ്‍സോര്‍ഷ്യം ഓഫ് എഡ്യുക്കേഷനും (സിഇസി) ഏകോപനമില്ലാത്ത പ്രവര്‍ത്തനരീതി മൂലം മാനവശേഷിയും പണവും നഷ്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. യുജിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷത്തിലൊരിക്കലും കാലാവധി പൂര്‍ത്തിയാകുന്ന അഞ്ചാം വര്‍ഷവും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റി പരിശോധിക്കണം.

പിഎച്ച്ഡി പ്രവേശനത്തിനു ദേശീയ തലത്തില്‍ ഗവേഷണ അഭിരുചി പരീക്ഷ നടത്തണം. വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നവര്‍ക്കു പത്തു വര്‍ഷം പ്രഫസര്‍മാരായി പ്രവൃത്തി പരിചയം വേണം. സ്ഥാപനങ്ങളില്‍ യോഗയും ധ്യാനവും ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തണം തുടങ്ങി നിര്‍ദേശങ്ങളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ദേശീയ ഉന്നത വിദ്യാഭ്യാസ സമിതിക്കായി തയാറാക്കിയിരിക്കുന്ന കരടു ബില്ലില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഔദ്യോഗികതല ഉത്തരവുകളിലൂടെ മാറ്റങ്ങള്‍ വരുത്താവുന്ന നിലയിലുള്ളതാണ്.

അതു കൊണ്ടു തന്നെ ഇന്ത്യയിലെ സവര്‍കലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്ര അധികാരം കൈയിലെത്തുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മുഖവിലയ്ക്കെടുക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുന്‍പു പ്രവര്‍ത്തന പരാജയം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ആസുത്രണക്കമ്മീഷന്‍ പിരിച്ചു വിട്ട്് പകരം നീതി ആയോഗ് രൂപീകരിച്ചത്.

ഇതുസംബന്ധിച്ച് പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്െടന്നും പാര്‍ലമെന്റില്‍ പാസാക്കി രൂപീകരിച്ച യുജിസി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നു മാനവവിഭവശേഷി മന്ത്രി പത്രിക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.