കല്‍ക്കരിപ്പാടം കേസ്: മന്‍മോഹനയച്ച സമന്‍സിനു സുപ്രീംകോടതിയുടെ സ്റേ
കല്‍ക്കരിപ്പാടം കേസ്: മന്‍മോഹനയച്ച സമന്‍സിനു സുപ്രീംകോടതിയുടെ സ്റേ
Thursday, April 2, 2015 1:20 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്ത് നേരിട്ടു ഹാജരാകുന്നതിനു സമന്‍സയച്ച പ്രത്യേക സിബിഐ കോടതി നടപടി സുപ്രീംകോടതി സ്റേ ചെയ്തു. ഈ മാസം എട്ടിനു നേരിട്ടു ഹാജരാകണമെന്ന പ്രത്യേക വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ മന്‍മോഹന്‍ സിംഗ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റീസുമാരായ വി. ഗോപാല്‍ ഗൌഡ, സി. നാഗപ്പന്‍ എന്നിവരുടെ ബെഞ്ച് നടപടികള്‍ സ്റേ ചെയ്തത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍, സിബിഐ എന്നിവര്‍ ഉള്‍പ്പെട്ട എതിര്‍ കക്ഷികള്‍ക്കു നോട്ടീസയയ്ക്കാനും കോടതി നിര്‍ദേശിച്ചു.

മന്‍മോഹന്‍ സിംഗിനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, പ്രമുഖ വ്യവസായി കുമാര്‍മംഗലം ബിര്‍ള തുടങ്ങി അഞ്ചുപേര്‍ക്കെതിരേയുള്ള വിചാരണ നടപടികളും കോടതി സ്റേ ചെയ്തിട്ടുണ്ട്. പരിശോധന സമിതികള്‍ ശിപാര്‍ശ ചെയ്ത നിര്‍ദേശങ്ങള്‍ അംഗീകരിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനെതിരേ ക്രിമിനല്‍ ഗൂഢാലോചന വകുപ്പ് പ്രകാരം കേസെടുത്തതു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് ഇന്നലെ സുപ്രീംകോടതി പരിഗണിച്ചത്. ഈ കേസില്‍ ചുമത്തിയ അഴിമതി വിരുദ്ധ നിയമത്തിന്റെ 13-ാം വകുപ്പിന്റെ (ഒന്ന്-ഡി-മൂന്ന്) ഭരണഘടന സാധുതയെയും ഹര്‍ജിയില്‍ മുന്‍ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ഇതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചു നല്‍കിയവയ്ക്ക് ഭരണപരമായ അംഗീകാരം നല്‍കിയത് ക്രിമിനല്‍ ഗൂഢാലോചനയുടെയും അഴിമതിയുടെയും വകുപ്പുകള്‍ പ്രകാരം എങ്ങനെ കുറ്റകരമാകുമെന്ന് മന്‍മോഹന്‍ സിംഗിനു വേണ്ടി ഹാജരായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ചോദിച്ചു. മന്‍മോഹന്‍ സിംഗ് കുറ്റം ചെയ്തോയെന്നു സുപ്രീംകോടതി വരെ പരിശോധിച്ചതാണ്. സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനകളും നടപടികളും ശരിയല്ലെന്നാണ് സുപ്രീംകോടതി കണ്െടത്തിയത്. പിന്നീടെങ്ങനെ സ്ക്രീനിംഗ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിനു തങ്ങള്‍ കുറ്റക്കാരാകുമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.


ഒഡീഷയിലെ താലബറയില്‍ 2005ല്‍ അനുവദിച്ച രണ്ട് കല്‍ക്കരി ബ്ളോക്കുകള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിലെ ഹിന്‍ഡാല്‍കോയ്ക്ക് കൈമാറുന്നതില്‍ ക്രമക്കേടുണ്ടായെന്ന കേസിലാണു മന്‍മോഹന്‍ സിംഗിനെയും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനായ കുമാര്‍മംഗലം ബിര്‍ള, പി.സി. പരേഖ്, ഹിന്‍ഡാല്‍കോ കമ്പനി ഉദ്യോഗസ്ഥരായ ശുഭേന്ദ്രു അമിതാബ്, ഡി. ഭട്ടാചാര്യ എന്നിവരെ പ്രത്യേക സിബിഐ കോടതി പ്രതിചേര്‍ത്തത്. ഹിന്‍ഡാല്‍ക്കോ 1996ല്‍ നല്‍കിയ അപേക്ഷ ആദ്യം തള്ളിയ കല്‍ക്കരി മന്ത്രാലയം, 2005ല്‍ പി.സി. പരേഖ് മന്ത്രാലയ സെക്രട്ടറിയായിരിക്കേ അനുവദിച്ചത് പ്രത്യേക താത്പര്യ പ്രകാരമായിരുന്നെന്നായിരുന്നു സിബിഐയുടെ കണ്െടത്തല്‍. ഇതില്‍ അന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിംഗിന് എന്തെങ്കിലും പങ്കുണ്െടന്നു കണ്െടത്താനായിട്ടില്ലെന്നും അന്വേഷണത്തില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. അന്ന് ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെയാണ് കോടതി ചോദ്യം ചെയ്തത്. ഇതിനുശേഷം ജനുവരി 20നു മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുത്തതിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 11ന് വിചാരണക്കോടതി ജഡ്ജി ഭരത് പരാശര്‍ മന്‍മോഹന്‍ സിംഗിനെയും പ്രതിചേര്‍ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.