കരിപ്പൂര്‍ വിമാനത്താവളം:അറ്റകുറ്റപ്പണിയുമായി കേന്ദ്രം മുന്നോട്ട്
Wednesday, April 1, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നു കേന്ദ്ര സര്‍ക്കാര്‍. മേയ് ഒന്നു മുതല്‍ ആറുമാസത്തേക്കു കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഗതാഗതത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം മുഖവിലയ്ക്കെടുത്തില്ലെന്നാണു ഇതോടെ വ്യക്തമാകുന്നത്.
ആയിരക്കണക്കിനു പ്രവാസി മലയാളികളെ പ്രതികൂലമായി ബാധിക്കുന്നതാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വലിയ വിമാനങ്ങളായ ബി-777, ബി-747, എ-330-200 എന്നിവയ്ക്കാണു കോഴിക്കോടു വിമാനത്താവളത്തില്‍ ആറുമാസത്തേക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ കരിപ്പൂരിലെ ആഴ്ചയിലെ 41 ആഭ്യന്തര വിമാന സര്‍വീസും 121 അന്താരാഷ്ട്ര സര്‍വീസും ഉള്‍പ്പടെ 162 സര്‍വീസുകളില്‍ വലിയ വിമാനങ്ങളുടെ 26 സര്‍വീസുകള്‍ റദ്ദാക്കും.

സൌദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എയര്‍ ഇന്ത്യ തുടങ്ങിയ അന്താരാഷ്ട്ര വിമാന സര്‍വീസുകളെയാണു തീരുമാനം ബാധിക്കുക. ബി-757, ബി-767, ബി-737, എ-310, എ-320 തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസ് തുടരും.

റണ്‍വെയില്‍ ഈ 26 വൈഡ്ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഇറങ്ങുന്നതു സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണു വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുന്നത്.

പുതിയ തീരുമാനം പ്രവാസികളെ ദുരിതത്തിലാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും വലിയ വിമാനങ്ങളാണു സര്‍വീസ് നടത്തുന്നത്. ഫലത്തില്‍ ആറു മാസത്തോളം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് മാത്രമാകും നടക്കുക. രാജ്യത്തെ വിമാനത്താവളത്തില്‍ വരുമാനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണു കരിപ്പൂര്‍ വിമാനത്താവളം.


ഹജ്ജ് തീര്‍ത്ഥാടനം, വേനല്‍ അവധി, ഓണം, റംസാന്‍ എന്നിവ ഒരുമിച്ചുവരുന്ന വേളയില്‍ വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതു ഗള്‍ഫിലെ ആയിരക്കണക്കിനു മലയാളികള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമമന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു.

കഴിഞ്ഞ മണ്‍സൂണ്‍ കാലത്തു തകര്‍ന്ന റണ്‍വേയുടെ പുനര്‍നിര്‍മാണത്തോടൊപ്പം റണ്‍വേ വികസനത്തിനായി 248 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ആഭ്യന്തര സുരക്ഷയുടെ അടിസ്ഥാനത്തില്‍ വലിയ വിമാനങ്ങളുടെ 26 സര്‍വീസുകള്‍ കൊച്ചിയിലേക്കു മാറ്റുമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി സോമസുന്ദരം അറിയിച്ചതായി എം.കെ രാഘവന്‍ എംപി പ്രസ്താവനയില്‍ അറിയിച്ചു.

അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം അടച്ചിടുന്നതു സെപ്റ്റംബറിലേക്കു മാറ്റിയതു വിമാനത്താവളങ്ങളുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി കെ. ബാബുവും എം.കെ. രാഘവനും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ചര്‍ച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.