ദുഃഖവെള്ളിയാഴ്ചത്തെ ചീഫ് ജസ്റീസുമാരുടെ യോഗം: സുപ്രീംകോടതി ഹര്‍ജി തള്ളി
Tuesday, March 31, 2015 12:40 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദുഃഖവെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റീസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പൊതു അവധിദിവസം യോഗം നടത്തുന്നതിനെതിരേ അഭിഭാഷകയായ ലില്ലി തോമസാണു സുപ്രീംകോടതിയെ സമീപിച്ചത്. സ്വാതന്ത്യ്രദിനത്തില്‍ പോലും പല യോഗങ്ങളും നടന്നിട്ടുണ്െടന്നും 2002, 2004, 2007, 2009 വര്‍ഷങ്ങളില്‍ ദുഖഃവെള്ളിയാഴ്ച അടക്കമുള്ള പൊതു അവധിദിവസങ്ങളിലാണു യോഗം നടന്നിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം പൊതു അവധിദിവസങ്ങളിലാണ് ഇത്തരം യോഗങ്ങള്‍ക്കു സമയം ലഭിക്കാറുള്ളത്. അന്നൊന്നും ഇല്ലാത്ത വിശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഇന്ന് എവിടെനിന്നു വന്നുവെന്ന് ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരിയോട് ചോദിച്ചു. അതിനാല്‍ തന്നെ ഹര്‍ജിക്കാരിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അവധിദിനത്തില്‍ യോഗം നടത്തുന്നതിനെ എതിര്‍ക്കുന്നുണ്െടങ്കില്‍ ഉചിതമായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റീസ് നിരീക്ഷിച്ചു.


ദുഃഖവെള്ളി മുതല്‍ മൂന്ന് ദിവസത്തെ സമ്മേളനമാണ് ഹൈക്കോടതി ചീഫ് ജസ്റീസുമാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിനായി സംഘടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ പ്രധാന ദിവസങ്ങളായി കണക്കാക്കുന്ന ദുഃഖവെള്ളിയും ഉയിര്‍പ്പും അടക്കമുള്ള വിശേഷ ദിവസങ്ങളില്‍ വാര്‍ഷിക കോണ്‍ഫറന്‍സ് നടത്തുന്നതിനെതിരേ സിബിസിഐയും രംഗത്തെത്തിയിരുന്നു. ദുഃഖവെള്ളിയുടെയും ഉയിര്‍പ്പ് ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കും വിധവും ക്രൈസ്തവസമൂഹത്തിന്റെ വികാരങ്ങളെ മാനിക്കും വിധവും അനുയോജ്യമായ നടപടി കൈക്കൊള്ളണമെന്ന് സിബിസിഐ ചീഫ് ജസ്റീസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.