ഭൂമി ഏറ്റെടുക്കല്‍ നിയമം: കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു
Tuesday, March 31, 2015 12:39 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കു ഗുണകരമായിരുന്ന, യുപിഎ സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം അടക്കം കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിലപാടുകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. അടുത്ത മാസം 19ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള വന്‍ കര്‍ഷക റാലിയോടെയാകും കോണ്‍ഗ്രസ് പ്രക്ഷോഭം കടുപ്പിക്കുക. റാലിയില്‍ രാഹുല്‍ പങ്കെടുക്കു മെന്നാണ് നേതാക്കള്‍ സൂചി പ്പിച്ചത്.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതിന്റെ തലേന്നു നടത്തുന്ന ഈ കര്‍ഷകറാലി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തുന്ന ആദ്യ റാലിയാകും. റാലി വന്‍ വിജയമാക്കുന്നതിനായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി അധ്യക്ഷനായ സംഘാടകസമിതി വിപുലമായ ഒരുക്കങ്ങളാണു നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രവര്‍ത്തക സമിതിയംഗങ്ങള്‍ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ റാലിയില്‍ പ്രസംഗിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്ലാ പിസിസി പ്രസിഡന്റുമാരും റാലിയില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍ തീരുമാനിക്കാന്‍ ആന്റണിയുടെ അധ്യക്ഷതയില്‍ ഇന്നലെ എഐസിസി ആസ്ഥാനത്തു ചേര്‍ന്ന സംഘാടകസമിതിയുടെ യോഗത്തിലാണു റാലിയുടെ തീയതി നിശ്ചയിച്ചത്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരായാണു കര്‍ഷകമുന്നേറ്റം സംഘടിപ്പിക്കുന്നതെന്നു സംഘാടക സമിതി ചെയര്‍മാന്‍ എ.കെ. ആന്റണി പറഞ്ഞു. ഏപ്രില്‍ 19ലെ കര്‍ഷകറാലി തുടക്കം മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി. റാലിക്കു പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തിലും ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ശക്തമായി ഉന്നയിക്കും. കര്‍ഷകതാത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസ് തയാറാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ആന്റണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംഘാടകസമിതി കണ്‍വീനര്‍ ദിഗ്വിജയ് സിംഗ്, അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, പി.സി. ചാക്കോ അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ പിസിസി പ്രസഡിന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.


യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന നിലപാടില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആന്റണി പറഞ്ഞു. കൃഷിക്കാരുടേയും ആദിവാസികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണു യുപിഎയുടെ നിയമം. ഇതില്‍ ഭേദഗതികള്‍ വരുത്തി കൃഷിക്കാരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്കു ഏറ്റെടുത്തു കൊടുക്കാനാണു മോദി സര്‍ക്കാരിന്റെ ശ്രമം. അതിനെ കോണ്‍ഗ്രസ് സര്‍വശക്തിയുമെടുത്തു ചെറുക്കും. സോണിയഗാന്ധിയുടെ കത്തില്‍ ആവശ്യപ്പെടുന്നതു പോലെ യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമം തന്നെ നടപ്പാക്കണമെന്നതാണു കോണ്‍ഗ്രസ് നിലപാട്. അതിനായി വിട്ടുവീഴ്ചയില്ലാതെ പാര്‍ട്ടി മുന്നോട്ടു പോകും.

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കാനും റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം വെട്ടിച്ചുരുക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്െടന്ന് ആന്റണി കുറ്റപ്പെടുത്തി. എഫ്സിഐ വഴിയുള്ള ഭക്ഷ്യധാന്യ സംഭരണം അട്ടിമറിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനുള്ള ഏതു നീക്കവും കോണ്‍ഗ്രസ് എതിര്‍ത്തു തോല്‍പ്പിക്കും. അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള താങ്ങുവിലയും ബോണസും വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജമ്മു കാഷ്മീരിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭം മൂലം വന്‍തോതില്‍ കൃഷിനാശം നേരിട്ടവര്‍ക്കു നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നു കോണ്‍ഗ്രസ് നിര്‍ദേശിച്ചു. മോദി സര്‍ക്കാര്‍ ഏറെ വാഗ്ദാനങ്ങല്‍ നല്‍കുന്നുണ്െടങ്കിലും കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. കൃഷിക്കാരുടെ ദുരിതങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല. കര്‍ഷകര്‍ക്കൊപ്പംനിന്നു കോണ്‍ഗ്രസ് പോരാടും. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരില്‍നിന്നും പരിഹാരം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളില്‍നിന്നു പാര്‍ട്ടി പിന്നോക്കം പോകില്ല. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി കോണ്‍ഗ്രസ് സര്‍വശക്തിയും ഉപയോഗപ്പെടുത്തുമെന്നും ആന്റണി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.