കണക്കുപരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നു സിബിഎസ്ഇ
Tuesday, March 31, 2015 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച കണക്കുപരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നു സിബിഎസ്ഇ. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഏറെ പരാതികള്‍ ഉയര്‍ത്തിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസിലെ കണക്കുപരീക്ഷയ്ക്ക് ഇതോടെ പരിഹാരമാകുമെന്നാണു സിബിഎസ്ഇയുടെ ഔദ്യോഗിക വിശദീകരണം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ നിയോഗിച്ച വിദഗ്ധസമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

കണക്കുപരീക്ഷയുടെ ചോദ്യപേപ്പറില്‍ മൂന്നു സെറ്റു ചോദ്യങ്ങളില്‍ ഓരോന്നിലും ഓരോ തെറ്റുകള്‍ കണ്െടത്തിയിരുന്നു. ഉത്തരം കണ്െടത്താനാവാത്ത ഈ ചോദ്യങ്ങള്‍ക്കു മുഴുവന്‍ മാര്‍ക്കും നല്‍കാനാണു ബോര്‍ഡിന്റെ തീരുമാനമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇതുവരെ അതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണു സിബിഎസ്ഇ പിആര്‍ഒ രമാ ശര്‍മ പറഞ്ഞത്. ചോദ്യപേപ്പറിലെ ഒന്നാം സെറ്റിലെ പന്ത്രണ്ടാമത്തെ ചോദ്യവും രണ്ടാം സെറ്റിലെ എട്ടാമത്തെ ചോദ്യവും മൂന്നാം സെറ്റിലെ പതിനാറാമത്തെ ചോദ്യവുമായിരുന്നു തെറ്റായി അച്ചടിച്ചിരുന്നത്. ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്െടത്താന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍പ്പോലും മുഴുവന്‍ മാര്‍ക്കും നല്‍കാനാണു വിദഗ്ധ സമിതി നിര്‍ദേശിച്ചതെന്നാണു വിവരം. നാലു മാര്‍ക്കിന്റെ വീതം ചോദ്യങ്ങളായിരുന്നു ഇത്.

കണക്കുപരീക്ഷയെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി ചോദ്യപേപ്പര്‍ പരിശോധിക്കുന്നുണ്ട്. ഏറെ വിഷമം പിടിച്ച ചോദ്യങ്ങളുടെ ഫോര്‍മുലകളും വഴികളും കൃത്യമാണെങ്കില്‍ മാര്‍ക്ക് നല്‍കുമെന്നാണു പ്രതീക്ഷ.

വിദ്യാര്‍ഥികള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. വിദഗ്ധ സമിതി വിദ്യാര്‍ഥികളുടെ പരാതി ഗൌരവമായി പരിഗണിക്കും. വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നും രമാ ശര്‍മ വ്യക്തമാക്കി. മാര്‍ച്ച് 18നു നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികളുടെ കണക്കുപരീക്ഷയുടെ ചോദ്യപേപ്പറിലാണു തെറ്റായ ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കണ്ടിട്ടുള്ള ഏറ്റവും വിഷമം പിടിച്ച ചോദ്യപേപ്പര്‍ എന്നാണ് അധ്യാപകര്‍ പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച കണക്കുപരീക്ഷയെക്കുറിച്ചു വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ പരാതികള്‍ ഉയര്‍ത്തിയിരുന്നു.


പ്രഫ. കെ.വി. തോമസ് എംപിയാണ് ഇതു സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്കു കേന്ദ്രീയ വിദ്യാലയ രക്ഷാകര്‍ത്താ അസോസിയേഷന്‍ പരാതിയും നല്‍കിയിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികളുടെ പരീക്ഷ വീണ്ടും നടത്തണമെന്നും മന്ത്രിയോടു പരാതിയില്‍ അഭ്യര്‍ഥിച്ചിരുന്നു.

ചോദ്യപേപ്പര്‍ വളരെ ദൈര്‍ഘ്യമേറിയതും വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കുന്നതുമാണെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ചോദ്യപേപ്പറിലെ അമ്പതു ശതമാനത്തോളം ചോദ്യങ്ങളും ശരാശരി വിദ്യാര്‍ഥികള്‍ക്കു പാസാകാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടിയിരുന്നു. കണക്കു പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഐഐടി നിലവാരത്തിലുള്ളവയായിരുന്നെന്നാണു മറ്റു വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, ചോദ്യപേപ്പറിലെ പിശകുകള്‍ അച്ചടിപ്പിശകാണെന്നാണു സിബിഎസ്ഇയുടെ വിശദീകരണം.

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തരത്തില്‍ മാര്‍ക്കിംഗ് സ്കീം തയാറാക്കുമെന്നും ബോര്‍ഡ് ഉറപ്പുനല്‍കുന്നു. ഇതിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്ന് ഫിസിക്സ്, ഇംഗ്ളീഷ് പരീക്ഷകളുടെ കാര്യത്തിലും അനുകൂല നിലപാട് എടുക്കുമെന്നും രമാ ശര്‍മ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.