മദന്‍മോഹന്‍ മാളവ്യയുടെ ഭാരതരത്നം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി
Tuesday, March 31, 2015 12:58 AM IST
ന്യൂഡല്‍ഹി: സ്വാതന്ത്യ്രസമര സേനാനിയും ബനാറസ് ഹിന്ദുസര്‍വകലാശാലയുടെ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയ്ക്കു മരണാനന്തര ബഹുമതിയായി ഭാരതരത്നം പുരസ്കാരം നല്‍കി. രാഷ്ട്രപതിഭവനിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ മാളവ്യയുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മാളവ്യയുടെ കൊച്ചുമക്കളായ ഹേം ശര്‍മ, സരസ്വതി ശര്‍മ, പ്രേംധര്‍ മാളവ്യ, ഗിരിധര്‍ മാളവ്യ എന്നിവര്‍ ചേര്‍ന്നാണു ബഹുമതി ഏറ്റുവാങ്ങിയത്. അതേസമയം, പുരസ്കാരദാനവേളയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും സന്നിഹിതരായിരുന്നില്ല. കീഴ്വഴക്കമനുസരിച്ച് എല്ലാ മുന്‍പ്രധാനമന്ത്രിമാരേയും ക്ഷണിച്ചിരുന്നുവെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.


മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യ എന്നിവര്‍ക്കു ചടങ്ങില്‍ പദ്മവിഭൂഷണ്‍ പുരസ്കാരവും രാഷ്ട്രപതി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.