സുധാകര്‍ റെഡ്ഡി വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി
സുധാകര്‍ റെഡ്ഡി വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി
Monday, March 30, 2015 12:10 AM IST
പുതുച്ചേരി: സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിയെ പുതുച്ചേരിയില്‍ ചേര്‍ന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുത്തു. ഗുരുദാസ് ഗുപ്തയെ ഡെപ്യൂട്ടി സെക്രട്ടറിയായും തെരഞ്ഞെടുത്തതായി ദേശീയ കൌണ്‍സില്‍ സെക്രട്ടറി ഷമീം ഫൈസി മാധ്യമങ്ങളോടു പറഞ്ഞു.

ഡി. രാജ, ഷമീം ഫൈസി, അമര്‍ജിത് കൌര്‍, അതുല്‍ കുമാര്‍ അജ്ജാന്‍, രാജേന്ദ്ര കുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. കെ. നാരായണ എന്നിവരാണു ദേശീയ സെക്രട്ടേറിയറ്റ്. എ.ബി. ബര്‍ദന്‍ ആരോഗ്യകാരണങ്ങളാല്‍ പിന്‍മാറിയതോടെ ആന്ധ്രയില്‍നിന്നുള്ള ഡോ.കെ.നാരായണ ദേശീയ സെക്രട്ടേറിയറ്റില്‍ പുതുമുഖമായി.

125 അംഗ ദേശീയ കൌണ്‍സിലും 31 അംഗ ദേശീയ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തു. ദേശീയ കൌണ്‍സിലിലെയും എക്സിക്യൂട്ടീവിലെയും 20 ശതമാനം അംഗങ്ങള്‍ പുതുമുഖങ്ങളാണ്. എ.ബി. ബര്‍ദന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ കമ്മിറ്റി പാര്‍ട്ടി പരിപാടികള്‍ നിശ്ചയിക്കും. ഇ. നാഗേശ്വര റാവു, സി.ആര്‍. ബക്ഷി, സി.എ. കുര്യന്‍, ടി.എച്ച്. ശക്തീദേവി, മനോഹര്‍ ദേശകര്‍, എം. വൈയാപുരി, ഗുണ്ട മല്ലേഷ്, അശോക് മിശ്ര, ദീരന്‍ദാസ് ഗുപ്ത എന്നിവരാണ് ഒമ്പതംഗ കേന്ദ്ര കണ്‍ട്രോളിംഗ് കമ്മീഷന്‍ അംഗങ്ങള്‍.

പാര്‍ട്ടിയെ താഴെത്തട്ടില്‍നിന്നു ശക്തിപ്പെടുത്താന്‍ ദേശീയ കോണ്‍ഗ്രസില്‍ തീരുമാനമായി. മാതേതരത്വം, അഭിപ്രായ സ്വാതന്ത്യ്രം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ ഇടത് ഐക്യം ആവശ്യമാണെന്നു ജനറല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞതായി ഫൈസി വ്യക്തമാക്കി. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ പല്ലും നഖവും ഉപയോഗിച്ചു നേരിടണം. മേയ് 14 രാജ്യവ്യാപകമായി ഭൂമിയേറ്റെടുക്കല്‍ ദേദഗതി ബില്‍ വിരുദ്ധദിനമായി ആചരിക്കും. ഡിസംബര്‍ 26ന് സിപിഐയുടെ 90-ാം വാര്‍ഷികം ആചരിക്കും. ഈ വര്‍ഷം മുഴുവന്‍ രൂപീകരണ വര്‍ഷമായി ആചരിക്കുമെന്നും റെഡ്ഡി യോഗത്തില്‍ വ്യക്തമാക്കി.


രാജ്യം കടുത്ത സാമ്പത്തിക, സാമൂഹ്യ പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നതെന്നും കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ചു സാധാരണക്കാരെയും ജനാധിപത്യത്തെയും കേന്ദ്രസര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണെന്നും ഗുരുദാസ് ഗുപ്ത കുറ്റപ്പെടുത്തി. ചെറുകിട, കുടില്‍ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ ചെറുകിട, കുടില്‍ വ്യവസായങ്ങള്‍ക്ക് എതിരാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഊര്‍ജ ദൌര്‍ലഭ്യവും ചെറുകിട, കുടില്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും ഗുരുദാസ് ഗുപ്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.