രാജിഭീഷണി മുഴക്കി കേജരിവാളിന്റെ പ്രസംഗം
രാജിഭീഷണി മുഴക്കി കേജരിവാളിന്റെ പ്രസംഗം
Monday, March 30, 2015 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ പിന്തുണ നല്‍കിയപ്പോള്‍ മിത്രങ്ങള്‍ പിന്നില്‍നിന്നു കുത്തിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ദേശീയ കൌണ്‍സിലില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണു കേജരിവാള്‍ ഇങ്ങനെ പറഞ്ഞത്. ഇന്നലെ രാവിലെയാണ് ദേശീയ കൌണ്‍സിലില്‍ കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പാര്‍ട്ടി പുറത്തു വിട്ടത്.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ആദര്‍ശത്തിന്റെ പേരിലല്ല, വ്യക്തിവിരോധത്തിന്റെ പേരിലാണു നടക്കുന്നതെന്നു കേജരിവാള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിട്ട്. തന്നെ ഇടിച്ചുതാഴ്ത്തുകയാണു യാദവിന്റെയും ഭൂഷണിന്റെയും ലക്ഷ്യം. പ്രസംഗത്തിനൊടുവില്‍ അവര്‍ കൌണ്‍സിലില്‍ തുടരുകയാണെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന ഭീഷണിയാണു കേജരിവാള്‍ മുന്നോട്ടു വയ്ക്കുന്നത്.

കയ്ക്കുന്ന ചില കാര്യങ്ങളാണു പറയാന്‍ പോകുന്നതെന്നു പറഞ്ഞുതുടങ്ങിയ കേജരിവാള്‍ സമ്മേളനത്തിലുണ്ടായിരുന്നവരോടു മാപ്പു ചോദിച്ചു കൊണ്ടാണു പ്രസംഗം തുടങ്ങിയത്. അധികാരത്തിലെത്തിയശേഷം ആം ആദ്മി സര്‍ക്കാര്‍ നിരവവധി നല്ല കാര്യങ്ങള്‍ ചെയ്തെങ്കിലും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണു വാര്‍ത്തയായത്. ജനങ്ങള്‍ പൂര്‍ണമായി ഒപ്പം നിന്നപ്പോള്‍ സുഹൃത്തുക്കളില്‍ ചിലര്‍ വഞ്ചിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും അംബാനിക്കും അഴിമതിക്കുമെതിരേ പൊരുതാനാണു പാര്‍ട്ടി രൂപീകരിച്ചതെന്നും തമ്മില്‍ തല്ലാനായിരുന്നില്ലെന്നും കേജരിവാള്‍ പറഞ്ഞു.

ആഭ്യന്തര ജനാധിപത്യത്തിന്റെയും സ്വരാജിന്റെയും പേരുപറഞ്ഞു പാര്‍ട്ടി നേതൃത്വത്തെ പൊരുതി തോല്‍പ്പിക്കാനാണു ഭൂഷണും യാദവും ശ്രമിച്ചത്. ബിജെപിയോ കോണ്‍ഗ്രസോ തന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്നു പറയില്ല, എന്നാല്‍ യാദവും ഭൂഷണും പറയുമെന്നും കേജരിവാള്‍ പറഞ്ഞു. ഒരുമിച്ചുള്ള പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്ര ദുര്‍ഘടമായ സാഹചര്യത്തില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പോലും താന്‍ ആലോചിച്ചിരുന്നു. തന്നെ മാറ്റി കണ്‍വീനര്‍ സ്ഥാനത്തെത്താന്‍ യോഗേന്ദ്ര യാദവ് പല ശ്രമങ്ങളും നടത്തി. തനിക്കെതിരേ മോശം വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ യോഗേന്ദ്ര വഴി വന്ന വാര്‍ത്തകളാണെന്നു വെളിപ്പെട്ടു. സംഭാവന തരാന്‍ സന്നദ്ധരായിരുന്ന പലരെയും പ്രശാന്ത് ഭൂഷണ്‍ തടഞ്ഞു. പത്രസമ്മേളനം നടത്തി പാര്‍ട്ടിയെ അട്ടിമറിക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


ലോക്പാല്‍ എതിര്‍പ്പു പറഞ്ഞ ആളുകളെ സ്ഥാനാര്‍ഥിലിസ്റില്‍നിന്നു മാറ്റി. അതിനുശേഷവും മറ്റു പലരെയും മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരുടെ മണ്ഡലത്തില്‍ ചെന്നന്വേഷിച്ചപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിനു തികച്ചും അര്‍ഹരാണെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു പള്ളി മലിനപ്പെടുത്തി കലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞത് വര്‍ഗീയവാദിയെന്ന് ഇവര്‍ ആരോപിക്കുന്ന സ്ഥാനാര്‍ഥിയാണ്.

പ്രശാന്ത് ഭൂഷന്റെ വാക്കുവിശ്വസിച്ചാണ് താന്‍ ജാമ്യമെടുക്കാതെ ജയിലില്‍ കിടക്കാന്‍ പോലും തയാറായത്. തന്നെ കണ്ടു സംസാരിക്കാന്‍ താത്പര്യമുണ്െടന്ന് സന്ദേശമയച്ച് അഞ്ചു മിനിറ്റിനകം ഭൂഷണ്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ബജറ്റിനുശേഷം കാണാമെന്നു വ്യക്തമാക്കിയപ്പോള്‍ അക്കാര്യവും മാധ്യമങ്ങള്‍ക്കു നല്‍കി. തന്നെ കാണുകയോ പ്രശ്നം പരിഹരിക്കുകയോ ആയിരുന്നില്ല മറിച്ച് മാധ്യമങ്ങളെ കാണിക്കാനായിരുന്നു ഭൂഷണു തിടുക്കമെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

താന്‍ രക്തവും ജീവനും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയാണിതെന്നും ഇതിനെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ക്കൊപ്പം നില്‍ക്കണമെന്നു സമ്മേളനത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്നും കേജരിവാള്‍ പറയുന്നു. യാദവിനും ഭൂഷണിനുമൊപ്പം നില്‍ക്കാനാണു തീരുമാനമെങ്കില്‍ താന്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും നിര്‍വാഹക സമിതിയില്‍നിന്നും രാജിവെക്കുമെന്നും കേജരിവാള്‍ ഭീഷണി മുഴക്കി.

പദവികള്‍ ഉപേക്ഷിച്ചു സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും തനിക്കു പോരാടേണ്ടത് സ്വന്തം ആളുകളോടല്ല അഴിമതിക്കാരോടാണെന്നു പറഞ്ഞുകൊണ്ടുമാണു ദേശീയ കൌണ്‍സിലില്‍ തന്റെ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം കേജരിവാള്‍ അവസാനിപ്പിച്ചത്. തുടര്‍ന്നാണു കേജരിവാള്‍ മടങ്ങിയതിനുശേഷം അദ്ദേഹത്തിന്റെ വലംകൈയായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചു ഭൂരിപക്ഷം അംഗങ്ങളുടെ അംഗീകാരം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.