ഭൂമി ഏറ്റെടുക്കല്‍ ബില്‍ നിലവിലുള്ള രീതിയില്‍ അംഗീകരിക്കില്ല: സോണിയ
ഭൂമി ഏറ്റെടുക്കല്‍ ബില്‍ നിലവിലുള്ള  രീതിയില്‍ അംഗീകരിക്കില്ല: സോണിയ
Saturday, March 28, 2015 12:05 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളല്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കര്‍ഷകരെയും പാവങ്ങളെയും വല്ലാതെ ദ്രോഹിക്കുന്ന നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നു സോണിയ ആരോപിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ നിലവിലുള്ള രീതിയില്‍ ഒരുകാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി അടുത്ത മാസം അഞ്ചിനു കഴിയുന്നതിനു മുമ്പായി ഭേദഗതികളോടെ പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കാനിരിക്കെയാണു സോണിയയുടെ വിമര്‍ശനം. ലോക്സഭയില്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ വന്നതോടെയാണു വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സ്ഥാപിത താത്പര്യമുള്ള കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ളതാണു കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതികളെന്നു സോണിയ കുറ്റപ്പെടുത്തി.

ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേല്‍ തുറന്ന സംവാദത്തിനു ക്ഷണിച്ചുകൊണ്ടു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അയച്ച കത്തിനു നല്‍കിയ മറുപടിയിലാണു സോണിയയുടെ വിമര്‍ശനം. കര്‍ഷകതാത്പര്യം സംരക്ഷിച്ചുകൊണ്ടു സമഗ്ര ചര്‍ച്ചകള്‍ക്കു ശേഷമാണു ഭൂമിയേറ്റെടുക്കല്‍ ബില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തതെന്ന് ആറു പേജുള്ള കത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.


ന്യൂനപക്ഷം വരുന്ന സ്വകാര്യ വ്യക്തികള്‍ക്കും വ്യവസ്ഥാപിത താത്പര്യക്കാര്‍ക്കും വേണ്ടി ഇതിനെ അട്ടിമറിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം, സാമൂഹിക ആഘാത പഠനം വേണം തുടങ്ങിയ സുപ്രധാന വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാനാണു മോദി സര്‍ക്കാരിന്റെ ശ്രമം. ഇതുകൊണ്ടുതന്നെയാണു സര്‍ക്കാര്‍ ശ്രമം കര്‍ഷകദ്രോഹപരമാകുന്നത്.

വസ്തുതകള്‍ മറച്ചുവച്ചു കള്ളപ്രചാരണം നടത്താനാണു മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സോണിയ കത്തില്‍ പറയുന്നു. രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമം അതേപടി നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. രാജ്യത്തിന്റെ ശക്തിയായ കര്‍ഷകര്‍ക്കു ദ്രോഹകരമായ ഒരു കാര്യത്തിലും കോണ്‍ഗ്രസിനു വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കത്തില്‍ സോണിയ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.