ദുഃഖവെള്ളിയാഴ്ച ജസ്റീസുമാരുടെ യോഗം: സിബിസിഐ ചീഫ് ജസ്റീസിനു കത്തയച്ചു
Saturday, March 28, 2015 12:04 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദുഃഖവെള്ളിയാഴ്ച സംസ്ഥാന ചീഫ് ജസ്റീസുമാരുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ ആശങ്കയറിയിച്ചു സിബിസിഐ സുപ്രീംകോടതി ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തുവിനു കത്തയച്ചു. ദുഃഖവെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണു സംസ്ഥാന ചീഫ് ജസ്റീസുമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണു ദുഃഖവെള്ളി. മാനവകുലത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കിയ യേശുക്രിസ്തുവിന്റെ മഹാത്യാഗത്തെ അനുസ്മരിക്കുന്ന ദിവസമാണു ദുഃഖവെള്ളി. യേശുവിന്റെ കുരിശുമരണം ഓര്‍മിപ്പക്കപ്പെടുന്ന ഈ ദിവസം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധ ദിനം കൂടിയാണ്. ചീഫ് ജസ്റീസുമാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ജസ്റീസുമാരുടെ എണ്ണം വളരെ കുറവാണെന്നിരിക്കലും, ന്യൂനപക്ഷ വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


കഴിഞ്ഞ ക്രിസ്മസ് ദിനം സദ്ഭരണദിനമായി ആചരിക്കാനുള്ള തീരുമാനം ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയെ തുടര്‍ന്നു പിന്‍വലിച്ചതിലുള്ള സന്തോഷവും കത്തില്‍ അനുസ്മരിക്കുന്നു. ക്രൈസ്തവ വിശ്വാസമനുസരിച്ചു ക്രിസ്മസ് ദുഃഖവെള്ളി, ഈസ്റര്‍ എന്നീ മൂന്നു ദിനങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. യേശുക്രിസ്തുവിന്റെ ജനനവും കുരിശുമരണവും ഉത്ഥാനവും ഓര്‍മിക്കപ്പെടുന്ന ദിനങ്ങളാണത്. മനഃപൂര്‍വമോ അല്ലാതെയോ ഈ ദിവസങ്ങളുടെ പ്രാധാന്യം കുറച്ചു കാണാനുള്ള ശ്രമം രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തും.

രാജ്യത്തെ ക്രൈസ്തവരുടെ ആശങ്കയും മതവികാരവും ദുഃഖവെള്ളിയാഴ്ചയുടെ പവിത്രതയും കണക്കിലെടുക്കണമെന്നും സിബിസിഐ ചീഫ് ജസ്റീസിനുള്ള കത്തില്‍ അഭ്യര്‍ഥിച്ചു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.