കേരളത്തിലെ 11 നദികള്‍ ദേശീയ ജലപാതകള്‍
കേരളത്തിലെ 11 നദികള്‍ ദേശീയ ജലപാതകള്‍
Friday, March 27, 2015 12:19 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പതിനൊന്നു നദികള്‍ ദേശീയ ജലപാതയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുള്‍പ്പെടെ രാജ്യത്തെ 101 നദികളാണു ദേശീയ ജലപാതയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതപ്പുഴ, ചാലിയര്‍, പമ്പാനദി, കല്ലടയാര്‍, കടലുണ്ടിപ്പുഴ, വളപട്ടണം പുഴ, മൂവാറ്റുപുഴയാര്‍, കോരപ്പുഴ, മീനച്ചിലാര്‍, മണിമലയാര്‍, വെസ്റ്കോസ്റ് കനാല്‍ എന്നിവയാണ് ദേശീയ ജലപാതാ പദവി ലഭിച്ച കേരളത്തിലെ നദികള്‍. ദേശീയ ജലപാതകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ഗതാഗതത്തിനും ചരക്കുനീക്കത്തിനും ഈ നദികള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളുടെ ആദ്യപടിയാണു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഗതാഗത സൌകര്യത്തിനും ചരക്കുനീക്കത്തിനും ജലപാതകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയ ജലപാതാ പട്ടികയില്‍ ഉള്‍പ്പെട്ട നദികളില്‍ ചരക്കുനീക്കം ഉള്‍പ്പെടെയുള്ള അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കും. ഇതോടെ കരമാര്‍ഗമുള്ള ഗതാഗതത്തിരക്കു കുറയ്ക്കാമെന്നും കുറഞ്ഞ ഇന്ധനച്ചെലവില്‍ ഗതാഗത, ചരക്കു നീക്കം സാധ്യമാകുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.


രാജ്യത്തെ തുറമുഖങ്ങളെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കാന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു. തുറമുഖത്തുനിന്നു ദേശീയപാതയിലേക്കു മികച്ച റോഡ് ഒരുക്കുന്നതിനു പ്രത്യേക കോര്‍പറേഷനും രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി 2,400 കോടി ചെലവില്‍ 40 പദ്ധതികളാണു തയാറാക്കിയിട്ടുള്ളത്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങളോടു ചേര്‍ന്നു പ്രത്യേക സാമ്പത്തികമേഖലയും 12 സ്മാര്‍ട്ട് സിറ്റികളും നിര്‍മിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഷിപ്പിംഗ് മന്ത്രാലയത്തെ അടിസ്ഥാന സൌകര്യമേഖലയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ധനവിഹിതം ലഭ്യമാക്കണമെന്നവശ്യം ധനമന്ത്രാലയത്തിനു മുന്നില്‍വച്ചതായും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.