ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ അവസരം: രാഷ്ട്രപതി
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ അവസരം: രാഷ്ട്രപതി
Friday, March 27, 2015 12:13 AM IST
ന്യൂഡല്‍ഹി: ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും പ്രതിരോധം, ഇന്‍ഷ്വറന്‍സ്, റെയില്‍വേ അടക്കം രാജ്യത്തു നിക്ഷേപം നടത്താന്‍ പറ്റിയ അവസരമാണെന്നും ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍-തനിക്കായി രാഷ്ട്രപതിഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ, പ്രതിരോധം, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ വിദേശനിക്ഷേപം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറും ഇന്ത്യയും തമ്മില്‍ ഊഷ്മളമായ നയതന്ത്രബന്ധമാണു നിലവിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തണം. 2022 ലോകകപ്പ് വേദിയായ ഖത്തറില്‍ അടിസ്ഥാന സൌകര്യനിര്‍മാണത്തിന് ഇന്ത്യന്‍ കമ്പികള്‍ക്കും അവസരം നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി അമീറിനോട് പറഞ്ഞു.


ഖത്തറിന്റെ പുരോഗതിക്കും ലോകകപ്പ് ഫുട്ബോള്‍ നടത്തിപ്പിനും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണം നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ഇന്ത്യയുടെ ഇന്ധനാവശ്യം നിറവേറ്റാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.