മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷം ഭയാശങ്കയിലാണെന്നു പ്രഫ. കെ.വി. തോമസ്
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷം ഭയാശങ്കയിലാണെന്നു പ്രഫ. കെ.വി. തോമസ്
Friday, March 27, 2015 12:30 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷം സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭയാശങ്കയിലും സംശയത്തിലുമാണു കഴിയുന്നതെന്നു പ്രഫ. കെ.വി തോമസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ന്യായമായ അവകാശങ്ങളും വര്‍ഷങ്ങളായി പിന്തുടര്‍ന്നു വരുന്ന അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ക്രിസ്മസ് ദിനം സദ്ഭരണദിനമായി പ്രഖ്യാപിച്ചതു ക്രൈസ്തവ സമൂഹം ദുഖത്തോടെയാണു കണ്ടത്. അതിനുപുറമേ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചതും ന്യൂനപക്ഷ സമുദായങ്ങള്‍ സംശയത്തോടെയാണു കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം മുഴുവന്‍ ദുഖം ആചരിക്കുന്ന ദുഃഖവെള്ളി ദിനത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് ജസ്റീസുമാരെ സുപ്രീം കോടതി ചീഫ് ജസ്റീസ് വിളിച്ചിരിക്കുന്ന കാര്യവും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.


പാര്‍ലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി തന്നെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ഭരണകക്ഷിയുമായി ബന്ധപ്പെട്ട സംഘടനകള്‍ ഘര്‍വാപസിയുമായി മുന്നോട്ടു നീങ്ങുന്നു. പലയിടത്തും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രധാനമന്ത്രി മുന്‍ കൈ എടുത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം. ഏപ്രില്‍ മൂന്നിനു ദുഃഖവെള്ളിയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റീസ് വിളിച്ചിരിക്കുന്ന സംസ്ഥാന ചീഫ് ജസ്റീസുമാരുടെ യോഗം മാറ്റിവയ്ക്കണമെന്നും പ്രഫ. കെ.വി തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.