ഹാജിയുടെ തോപ്പില്‍ 'മോദി'എന്നൊരു മാമ്പഴം
ഹാജിയുടെ തോപ്പില്‍  മോദി എന്നൊരു മാമ്പഴം
Friday, March 27, 2015 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഒരു മാങ്ങയിലെന്തിരിക്കുന്നു എന്നാണു ചോദ്യമെങ്കില്‍ പദ്മശ്രീ ഹാജി കലീമുള്ള ഖാന്റെ മലീഹാബാദിലെ മാന്തോപ്പിലേക്കു ചെല്ലണം. ഒട്ടൊരു കാലം കാത്തിരുന്നാല്‍ പഴുത്തു തുടുത്ത മോദിയെന്ന മാമ്പഴക്കനിയെ അവിടെ കാണാം. സുന്ദരയിനമായ കൊല്‍ക്കത്തയിലെ ഹസന്‍ ഇ ആരയെയും രുചിറാണിയായ ലഖ്നൌവിലെ ദുസേരിയെയും കൂട്ടിയിണക്കിയതാണു മോദിയെന്ന പുതിയ ഇനം. അങ്ങനെ പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന മാമ്പഴക്കൂട്ടത്തിലേക്കു മാല്‍ഗോവയെ കടത്തിവെട്ടി മോദിയും കടന്നുവന്നു.

കലീമുള്ളയുടെ തോട്ടത്തില്‍ വിരിയുന്ന രാഷ്ട്രീയ പശ്ചാത്തലവും താരപരിവേഷവുമുള്ള ആദ്യ കനിയല്ല മോദി മാമ്പഴം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുടെ പേരിലും ഖാന്റെ തോട്ടത്തില്‍ മാവു പൂത്തിട്ടുണ്ട്. 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചതിനു പുറമേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ഉദ്യാന പണ്ഡിത പട്ടം നല്‍കി ആദരിച്ചിരുന്നു.

പുതിയതായി വികസിപ്പിച്ചെടുത്ത മാമ്പഴയിനത്തിനു പ്രധാനമന്ത്രി മോദിയുടെ പേരാണു ഖാന്‍ നല്‍കിയത് (നമോ ആം). മാമ്പഴം അദ്ദേഹത്തിനു സമ്മാനിക്കാന്‍ കാത്തിരിക്കുകയാണ് ഹാജി കലീമുള്ള ഖാന്‍. മോദിയെ നേരിട്ടു കാണുവാന്‍ അവസരം ലഭിച്ചാല്‍ മാമ്പഴത്തിനു പുറമേ ഇതു കായ്ക്കുന്ന മാവിന്റെ തൈയും പ്രധാനമന്ത്രിക്കു നല്‍കണമെന്നും ഖാന് ആഗ്രഹമുണ്ട്. മോദി ഈ മാങ്ങയൊന്നു രുചിച്ചു നോക്കുക കൂടി ചെയ്താല്‍ താന്‍ ധന്യനായെന്നാണു ഖാന്‍ പറയുന്നത്. എന്നാല്‍, മോദിയെ ഇക്കാര്യത്തിനായി ഏതു വഴിക്കു ബന്ധപ്പെടണം എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് ഒരു പിടിയും കിട്ടുന്നില്ലെന്നും പറയുന്നു.


ഈ ഇനത്തില്‍പെട്ട അഞ്ചു തൈകള്‍ ഖാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മോദിയുടെ നാടായ ഗുജറാത്തില്‍ ഇവയ്ക്കു കൂടുതല്‍ പ്രചാരം നല്‍കണമെന്നാണു ഖാന്റെ ആഗ്രഹം. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് നേതാക്കളെ മോദി ക്ഷണിച്ചതിനു ശേഷമാണ് പുതിയ ഇനം മാമ്പഴത്തിനു അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ കലിമുള്ള ഖാന്‍ തീരുമാനിച്ചത്.

ഒരൊറ്റ മരത്തില്‍ 300ലധികം സങ്കരയിനും മാങ്ങകള്‍ കലീമുള്ള ഖാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാമ്പഴക്കൃഷിയുടെ കേന്ദ്രമായ ലഖ്നൌവിലെ മലീഹാബാദിലാണു കലീമുള്ളയുടെ തോട്ടം. ഇവിടം ഒരിക്കല്‍ സന്ദര്‍ശിച്ച മുന്‍ ഗവര്‍ണര്‍ ടി.വി. രാജേശ്വര്‍ ഒരു മാമ്പഴയിനത്തിന് അനാര്‍ക്കലിയെന്നു പേരിടുകയും ഖാന് 25,000 രൂപ പാരിതോഷികം നല്‍കുകയും ചെയ്തിരുന്നു.

പരമ്പരാഗത ഒട്ടുമാവു കൃഷിയില്‍ നിന്നു വ്യത്യസ്തമായി പൂവുകളുടെ പരാഗണത്തിലൂടെയും വിത്തുകളുപയോഗിച്ചുമാണു കലീമുള്ള പുതിയ സങ്കരയിനം മാവുകള്‍ വികസിപ്പിച്ചെടുക്കുന്നത്. എട്ടാം ക്ളാസില്‍ പഠനമുപേക്ഷിച്ച കലീമുള്ള ഖാന്റെ പില്‍ക്കാല ജീവിതം പച്ചപിടിച്ചതു മാന്തോപ്പിലായിരുന്നു.

കലീമുള്ളയുടെ മാമ്പഴ വിശേഷങ്ങള്‍ കണ്ടും കേട്ടും രുചിച്ചും അറിയാന്‍ വിദേശികള്‍ ഉള്‍പ്പടെയുള്ള സന്ദര്‍ശകര്‍ ഇവിടെയെത്താറുണ്ട്. ഒരു വിനോദമായി സ്വീകരിച്ച ബഡിംഗും ഗ്രാഫ്റ്റിഗും കലീമുള്ള ഖാനു നേടിക്കൊടുത്തത് ഒട്ടുമാവുകളുടെ പിതാവെന്ന വിളിപ്പേരു കൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.