റബര്‍ വിലയിടിവ് അന്താരാഷ്ട്രവിപണിയിലെ തകര്‍ച്ചമൂലമെന്നു കേന്ദ്രം
റബര്‍ വിലയിടിവ് അന്താരാഷ്ട്രവിപണിയിലെ തകര്‍ച്ചമൂലമെന്നു കേന്ദ്രം
Thursday, March 5, 2015 12:14 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: റബറിന്റെ വിലത്തകര്‍ച്ചയില്‍ ഇടപെടാതിരിക്കാന്‍ ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയിലെ റബര്‍ വിലയിടിവാണ് ഇന്ത്യയിലെ റബര്‍ വിലയിടിവിനു കാരണമെന്നു പറഞ്ഞ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, പക്ഷേ, കര്‍ഷകരെ രക്ഷിക്കാന്‍ വാഗ്ദാനങ്ങളൊന്നും നല്‍കിയില്ല. രാജ്യസഭയില്‍ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി നിലപാടു വ്യക്തമാക്കിയത്. 2014-15ല്‍ മാത്രം 3,59,857 ടണ്‍ റബര്‍ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിലെ വിലടിയിവ് തടയാന്‍ ഇറക്കുമതി നിയന്ത്രിക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനവും മറുപടിയില്‍ പ്രകടമാണ്.

ആഭ്യന്തര വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടത്ര പ്രക്യതിദത്ത റബര്‍ രാജ്യത്ത് ഉത്പാദിക്കാത്തതിനാലാണ് ഇറക്കുമതി ആവശ്യമായി വരുന്നതെന്നാണു മന്ത്രിയുടെ മറുപടി. പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവില ഇപ്പോഴും അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നാണു നില്‍ക്കുന്നതെന്നും മന്ത്രി വാദിക്കുന്നുണ്ട്.

രാജ്യത്തു 2013-14ല്‍ 3,60,263 ടണ്ണും, 2012-13ല്‍ 2,62,753 ടണ്ണും, 2011-12ല്‍ 2,14,433 ടണ്ണും റബര്‍ ഇറക്കുമതിയാണു ചെയ്തത്. 2015 ഫെബ്രുവരി ഒന്നിനു റബര്‍ ഷീറ്റ് കിലോഗ്രാമിന്റെ അന്താരാഷ്ട്രവില 115.21 രൂപയായിരിക്കേ ആഭ്യന്തരവില 138.25 രൂപയും 60% ഡിആര്‍സിയുള്ള റബര്‍പാലിന്റെ അന്താരാഷ്ട്രവില 66.61 രൂപയായിരിക്കേ ആഭ്യന്തരവില 82.40 രൂപയും ആയിരുന്നുവെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.


2014 ഡിസംബറില്‍ റബര്‍ ഷീറ്റിന്റെ അന്താരാഷ്ട്രവില 102.28 രൂപയായിരിക്കേ ആഭ്യന്തരവില 119.82 രൂപയായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

2013 ഡിസംബര്‍ 20 മുതല്‍ ഉണങ്ങിയ റബറിന്റെ ഇറക്കുമതിചുങ്കം കിലോഗ്രാമിന് 20 രൂപയായിരുന്നത് 30 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചുവെന്നാണു മന്ത്രിയുടെ മറുപടി. കൂടാതെ ഇറക്കുമതി ചുങ്കം 20ല്‍ നിന്നും 25 ശതമാനമായി ഉയര്‍ത്താന്‍ 2014 ഡിസംബറില്‍ റവന്യൂ വകുപ്പിന് ഉപദേശം നല്‍കിയെന്നും മന്ത്രി മറുപടിയില്‍ അവകാശപ്പെടുന്നു. റബര്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും ദേശീയ റബര്‍ നയം രൂപീകരിക്കുന്നതിനായും വിദഗ്ധസമിതിയെ നിയോഗിച്ചുവെന്നും മറുപ ടിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.